കല്പറ്റ: മേപ്പാടി എളമ്ബിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ടെന്റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശിനി ഷഹാന സത്താര്‍ (26)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടരുകയായിരുന്നു. ഉടൻതന്നെ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിസോര്‍ട്ടിന് മൂന്നുവശവും കാടാണ്. ഇവിടെ മൊബൈല്‍ ഫോണിന് റെയ്ഞ്ച് ഇല്ല.
അതേസമയം, അപകടം നടന്ന റിസോർട്ട് അടച്ചു പൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഷഹാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് നല്‍കും .