Times Kerala

താറാവ് കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം 24ന്

 
താറാവ് കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം 24ന്

ആലപ്പുഴ: ജില്ലയില്‍ പക്ഷിപനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം ജനുവരി24 ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പക്ഷിപനി ബാധിച്ച വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് താറാവ്, കോഴി, മുട്ട എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ ജില്ലയിലെ 26 കര്‍ഷകര്‍ക്കാണ് ധനസഹായം വിതരണം ചെയ്യുന്നത്. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവയ്ക്ക് 100 രൂപയും, രണ്ട് മാസത്തിനു മുകളില്‍ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടക്ക് 5 രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക.

ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ പൊതുമരാമത്തു രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. എം ദിലീപ് പദ്ധതി വിശദീകരണവും ധനസഹായ വിതരണവും നിര്‍വ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഡ്വ.എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.കെ സന്തോഷ്‌കുമാര്‍, ജില്ല്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Topics

Share this story