Times Kerala

തൂത്തുക്കുടി കടലില്‍ ആയിരം കോടിയുടെ ലഹരിമരുന്ന് കടത്ത്, ശ്രീലങ്കൻ ലഹരി മരുന്നു മാഫിയ തലവന്‍ അറസ്റ്റില്‍, ചെന്നൈയിലെ അജ്ഞാത കേന്ദ്രത്തിൽ ഇരുന്നു നിയന്ത്രിച്ചത് രാജ്യാന്തര ലഹരികടത്തു ചങ്ങലയെ

 
തൂത്തുക്കുടി കടലില്‍ ആയിരം കോടിയുടെ ലഹരിമരുന്ന് കടത്ത്, ശ്രീലങ്കൻ ലഹരി മരുന്നു മാഫിയ തലവന്‍ അറസ്റ്റില്‍, ചെന്നൈയിലെ അജ്ഞാത കേന്ദ്രത്തിൽ ഇരുന്നു നിയന്ത്രിച്ചത് രാജ്യാന്തര ലഹരികടത്തു ചങ്ങലയെ

ചെന്നൈ: തൂത്തുക്കുടി കടലില്‍ ആയിരം കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ നിർണായക അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്ന ശ്രീലങ്കൻ ലഹരി മരുന്നു മാഫിയ തലവനും ഇന്റര്‍പോള്‍ തിരയുന്നയാളുമായ നവാസിനെയും സഹായിയെയുമാന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ കോസ്റ്റ് ഗാര്‍ഡ് കന്യാകുമാരിക്കു സമീപത്തുവച്ചു 98.5 കിലോ ഹെറോയിനുമായി മീന്‍പിടിത്ത കപ്പല്‍ പിടികൂടിയ കേസിലാണ് നിര്‍ണായക അറസ്റ്റ്. ശ്രീലങ്കന്‍ പൗരനായ എം.എം.എം. നവാസ് ,മുഹമ്മദ് അഫ്നാസ് എന്നിവരെയാണ് ഒളിസങ്കേതത്തില്‍ വച്ചു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്തു നിന്നു വ്യാജ പാസ്പോര്‍ട്ടില്‍ ഇന്ത്യയിലേക്കു കടന്നതാണ് നവാസ്. കഴിഞ്ഞ പത്തുവര്‍ഷമായി ചെന്നൈയിലെ കരപ്പാക്കത്തു കുടുംബസമേതം താമസിക്കുകയായിരുന്നു നവാസ്. ഇവിടെ നിന്നാണ് പലരാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന രാജ്യാന്തര ലഹരികടത്തു ചങ്ങലയെ ഇയാൾ നിയന്ത്രിച്ചിരുന്നത്.

കഴിഞ്ഞ നവംബര്‍ 26 ന് കന്യാകുമരിയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കന്‍ മീന്‍പിടിത്ത ബോട്ട് ഒഴുകി നടക്കുന്നത് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെടുന്നതോടെയാണു വന്‍ ലഹരി കടത്തുസംഘത്തെകുറിച്ചു വിവരം ലഭിക്കുന്നത്. ബോട്ടിൽ നടത്തിയ പരിശോധനയില്‍ 95.37 കിലോ ഹെറോയിനും 18.32 കിലോ ക്രിസ്റ്റല്‍ മെത്തലിനും , തോക്കുകള്‍ ,സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ചെന്നൈയിലെ അജ്ഞാത കേന്ദ്രത്തിലിരുന്നാണ് ലഹരി കടത്ത് നിയന്ത്രിക്കുന്നതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ നീക്കത്തിലാണ് ഇരുവരും അറസ്റ്റിലായത്.

Related Topics

Share this story