Nature

യാതൊരു മുന്നറിയിപ്പുമില്ലാതെ വകുപ്പ് മാറ്റി; മമത സർക്കാരിൽ നിന്നും രാജിവച്ച് മന്ത്രി

കൊൽക്കത്ത: യാതൊരു മുന്നറിയിപ്പും നൽകാതെ വകുപ്പ് മാറ്റിയെന്ന് മമത സർക്കാരിൽ നിന്നും രാജിവച്ച വനം മന്ത്രി രാജീവ് ബാനർജി. ഗവർണർക്ക് രാജിക്കത്ത് നൽകി മടങ്ങവെ മാധ്യമങ്ങളെ കണ്ട അദ്ദേഹം വികാരാധീനനായി.

“രാജി വയ്ക്കേണ്ടി വന്നതിൽ ഖേദമുണ്ട്. വകുപ്പ് മാറ്റിയതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ അതു ചെയ്ത രീതി വളരെ വേദനിപ്പിച്ചു. മാർഗ നിർദേശങ്ങൾ നൽകിയതിന് മുഖ്യമന്ത്രി മമത ബാനർജിക്ക് നന്ദി പറയുന്നു. പാർട്ടിയിലെ ചില ആളുകൾ തനിക്കെതിരായി പ്രചാരണം നടത്തുകയാണ്. ബംഗാളിലെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും.” – അദ്ദേഹം പറഞ്ഞു.

ജലസേചന വകുപ്പായിരുന്നു രാജീവിന് ആദ്യം ലഭിച്ചിരുന്നത്. രണ്ട് മാസമായി അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. തൃണമൂലിലെ മുതിർന്ന നേതാവ് പാർഥ ചാറ്റർജി രണ്ട് തവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെ മൂന്നു മന്ത്രിമാരാണ് മമത മന്ത്രിസഭയിൽനിന്നു രാജിവച്ചത്.

ഡിസംബറിൽ മുതിർന്ന നേതാവ് സുവേന്ദു അധികാരി രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ജനുവരിയിൽ കായിക മന്ത്രി ലക്ഷ്മി രത്തൻ ശുക്ലയും രാജി വച്ചു. നിരവധി എംപിമാരും എംഎൽഎമാരും ഇതിനകം തൃണമൂലിൽനിന്ന് ബിജെപിയിൽ ചേർന്നിട്ടുണ്ട്.

You might also like