Times Kerala

പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിനെ കിഴക്കൻ പ്രവിശ്യ ലോകകേരളസഭ കൂട്ടായ്മ അനുമോദിച്ചു

 
പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിനെ കിഴക്കൻ പ്രവിശ്യ  ലോകകേരളസഭ കൂട്ടായ്മ അനുമോദിച്ചു

ദമ്മാം: ഈ വർഷത്തെ പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിനെ കിഴക്കൻ പ്രവിശ്യ ലോകകേരളസഭ കൂട്ടായ്മ ഭാരവാഹികൾ സന്ദർശിച്ചു അനുമോദനങ്ങൾ അര്‍പ്പിച്ചു. അതോടൊപ്പം കോവിഡ് ദുരിതകാലത്ത് , ദമ്മാമിൽ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് നോർക്ക ചാറ്റേർഡ് ഫ്ലൈറ്റ് സർവ്വീസുകൾ വിജയകരമായി നടത്താൻ അദ്ദേഹം നൽകിയ സഹായങ്ങൾക്ക് നന്ദിയും അവർ അറിയിച്ചു.

ലോകകേരളസഭ അംഗങ്ങളായ ആൽബിൻ ജോസഫ്, പവനൻ , ഷാജി മതിലകം, ഹബീബ് ഏലംകുളം, നാസ് വക്കം എന്നിവരും നോർക്ക ലീഗൽ കൺസൾട്ടന്റുമാരായ അഡ്വ. വിൽ‌സൺ തോമസ്, അഡ്വ. നജുമുദീൻ, നോർക്ക വോളന്റീർ നിസ്സാം കൊല്ലം എന്നിവരുമാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്.

സൗദിയെക്കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സിദ്ദിഖ് അഹമ്മദ്, പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. കൊറോണ രോഗബാധയുടെ ദുരിതകാലത്ത് ലോകകേരളസഭ കൂട്ടായ്മ മുൻകൈ എടുത്തു രൂപീകരിച്ച നോർക്ക ഹെൽപ്‌ഡെസ്‌ക്ക് പ്രവാസികൾക്കിടയിൽ നടത്തിയ സേവനപ്രവർത്തനങ്ങൾക്ക്, അദ്ദേഹം ഒട്ടേറെ സഹായസഹകരണങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു.

ഡോ.സിദ്ദിഖ് അഹമ്മദിന്റെ കമ്പനിയായ ഐ.ടി.എല്‍ ട്രാവൽസ് ആയിരുന്നു നോർക്ക ഹെൽപ്പ്ഡെസ്ക്ക് നടത്തിയ ചാർട്ടേർഡ് ഫ്‌ളൈറ്റുകളുടെ ട്രാവൽ ഏജന്റായി പ്രവർത്തിച്ചത്. സൗദി അറേബ്യയിലെ അക്കാലത്തു നിലവിലുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ പതിനഞ്ചു ചാർട്ടേർഡ് വിമാനങ്ങളാണ് നോർക്ക ഹെൽപ്പ്ഡെസ്ക്ക്, ഐടിഎല്‍ ട്രാവൽസ് വഴി നാട്ടിലേയ്ക്ക് പറത്തിയത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാനസർവ്വീസുകൾ കുറവായിരിയ്ക്കുകയും, ലഭ്യമായ വിമാനടിക്കറ്റ് നിരക്കുകൾ വളരെ കൂടുതലായിരിയ്ക്കുകയും ചെയ്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ദുരിതത്തിലായ ഒട്ടേറെ പ്രവാസികൾക്ക്, നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ നടത്തിയ ചാർട്ടേർഡ് വിമാന സർവ്വീസുകൾ വളരെ ആശ്വാസകരമായിരുന്നു.

കോവിഡ് ദുരിതകാലത്ത് ജോലിയോ ഭക്ഷണമോ ഇല്ലാതെ വിഷമിച്ച പ്രവാസികൾക്കായി, മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് വഴി വിതരണം ചെയ്‌തത്‌. രോഗികളായ പ്രവാസികൾക്ക് മരുന്നുകൾ എത്തിച്ചും, ചികിത്സയ്ക്ക് യാത്രസൗകര്യം ഒരുക്കിയും, ഡോക്ടർമാരുമായി സംസാരിയ്ക്കാൻ അവസരം ഒരുക്കിയും, മാനസികസമ്മർദ്ദത്തിൽപ്പെട്ടവർക്ക് ഫോണിലൂടെ കൗൺസലിങ് നൽകിയും, നിയമപ്രശ്നങ്ങളിൽപ്പെട്ടവർക്ക് സഹായങ്ങൾ നൽകിയും, നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികൾക്ക് മാസ്ക്കും, ഗ്ലൗസുകളും വിതരണം ചെയ്തും, നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ പ്രവാസലോകത്തിന്റെ വിവിധമേഖലകളിൽ ഒറ്റപ്പെട്ടുപോയ പ്രവാസികൾക്ക് തണലായി മാറിയിരുന്നു. അതിനെല്ലാം ഡോ.സിദ്ദിഖ് അഹമ്മദ് ചെയ്തു തന്ന സഹായസഹകരണങ്ങൾ ലോകകേരളസഭ കൂട്ടായ്മ ഭാരവാഹികൾ നന്ദിപൂർവ്വം എടുത്തു പറഞ്ഞു.

നോർക്ക ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തങ്ങളെ ഏകോപിച്ചു കൊണ്ടു പോയി വിജയകരമായി പൂർത്തിയാക്കിയ ലോകകേരളസഭ കൂട്ടായ്മയെ ഡോ സിദ്ദിക്ക് അഹമ്മദും അഭിനന്ദിച്ചു.

Related Topics

Share this story