Times Kerala

കോണ്‍ഗ്രസ്സിന് ചരമ കുറിപ്പെഴുതുന്നത് അകാലത്തിലുള്ള ചിന്ത : ശശി തരൂര്‍

 
കോണ്‍ഗ്രസ്സിന് ചരമ കുറിപ്പെഴുതുന്നത് അകാലത്തിലുള്ള ചിന്ത : ശശി തരൂര്‍

ന്യൂഡൽഹി: ദേശീയ തലത്തില്‍ ബിജെപിക്ക് പകരമായുള്ള ഏക രാഷ്ട്രീയ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ചരമ കുറിപ്പെഴുതുന്നത് അകാലത്തിലുള്ള ചിന്തയാണെന്ന് ശശിതരൂര്‍ എംപി. രാജ്യത്ത് അപ്രതീക്ഷിത നോട്ടസാധുവാക്കലും 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇത്തവണ വോട്ടര്‍മാര്‍ അത് പരിഗണിച്ചല്ല വോട്ട് ചെയ്തതെന്നും അതേ കുറിച്ച് കോണ്‍ഗ്രസ്സ് ഇനിയും പഠിക്കേണ്ടതുണ്ടെന്നും തരൂര്‍ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .

” ന്യായ് പദ്ധതിയെ കുറിച്ച് കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുകയും പാര്‍ട്ടിയുടെ നയരേഖ നേരത്തെ പ്രഖ്യാപിക്കുകയും കഴിയുമായിരുന്നെങ്കില്‍ കൂടുതല്‍ ഗുണം ചെയ്‌തേനെ. പഞ്ചാബും കേരളവും കാണിച്ചു തന്നത് പാര്‍ട്ടി ജീവനോടെ സജീവമായി ഉണ്ടെന്ന് തന്നെയാണ്.രാജ്യത്തിന്റെ ആത്മാവും ഹൃദയവും പ്രകാശിപ്പിക്കുന്ന ബഹുസ്വരതയെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടുണ്ടങ്കിലും തോല്‍വിയില്‍ ഞങ്ങളും കൂടി ഉത്തരവാദികളാണ്. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തില്‍ ഞങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വമുണ്ട്‌. തരൂർ പറഞ്ഞു

ബിജെപിയുടെ വിജയത്തെ സഹായിച്ചത് മോദി എന്ന അവരുടെ ഉത്പന്നത്തെ അവര്‍ നേരത്തെ തീരുമാനിച്ചതും ആ ഉത്പന്നത്തെ വെച്ച് മാര്‍ക്കറ്റ് ചെയ്തതുമാണ്”, തരൂർ പറയുന്നു.

ദേശീയ സുരക്ഷയക്ക് വോട്ടര്‍മാരുടെ മേല്‍ വന്‍ സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്നു എന്ന സത്യത്തെ ഞങ്ങൾ നിസ്സാരമായി കണ്ടു. അത് വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കുന്നതിനെയും കാര്യമായെടുത്തില്ല. ദക്ഷിണേന്ത്യയേക്കാള്‍ ഇത് ഉത്തരേന്ത്യയെ സ്വാധീനിച്ചു”, തരൂർ കൂട്ടിച്ചേർത്തു.പാര്‍ലമന്ററി പാര്‍ട്ടി നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുകയാണെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ശശിതരൂര്‍ അറിയിച്ചു.

“വിദ്യാഭ്യാസമുള്ള വോട്ടര്‍മാരുള്ള സംസ്ഥാനമെന്ന നിലയില്‍ ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ട ഇവിടെ വിലപ്പോവില്ല. മാത്രമല്ല മലയാളീ ധാര്‍മ്മികത ഇന്ത്യന്‍ ധാര്‍മ്മികതയിൽ ഏറ്റവും മൂല്യമേറിയതാണ്. മറ്റുള്ളവരെ സ്വീകരിക്കുന്ന, ഉള്‍ക്കൊള്ളുന്ന, വിശ്വാലവീക്ഷണമുള്ള ജനതയാണ് മലയാളികള്‍. എന്നാല്‍ ബിജെപിയുടെ ചിന്താ ധാര ഇതില്‍ നിന്ന് വിഭിന്നമാണ്”, തരൂർ പറഞ്ഞു.

ബംഗാളിനും ഒഡീഷയ്ക്കും ശേഷം ഇനി ദക്ഷിണേന്ത്യ ഉൾപ്പെട്ട കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന ചോദ്യത്തിന് അതൊരിക്കലും സംഭവിക്കില്ലെന്ന് തനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ടെന്നാണ് തരൂര്‍ പ്രതികരിച്ചത്..

Related Topics

Share this story