Times Kerala

സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം

 
സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 175.5 കോടി രൂപ അറ്റാദായമുണ്ടാക്കി. 2020 ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 53.1 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 28.1 കോടി രൂപയായിരുന്നു അറ്റാദായം. 2020 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 484.3 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 173.6 കോടി രൂപയെ അപേക്ഷിച്ച് 179 ശതമാനം വര്‍ധനവാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ 160.5 ശതമാനം വര്‍ധനവോടെ 182.4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചിട്ടുണ്ട്.

അറ്റ പലിശയുടെ കാര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 53.1 ശതമാനം വര്‍ധനവോടെ 665.7 കോടി രൂപ എന്ന നിലയിലും എത്താനായിട്ടുണ്ട്. വായ്പകളില്‍ നിന്നുള്ള വരുമാനം 10.72 ശതമാനത്തില്‍ നിന്ന് 10.98 ശതമാനത്തിലേക്ക് ഉയരുകയും നിക്ഷേപങ്ങളുടെ ചെലവ് 5.91 ശതമാനത്തില്‍ നിന്ന് 4.91 ശതമാനത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്. പലിശ ഇതര വരുമാനം 113.6 ശതമാനം വര്‍ധനവോടെ 288.5 കോടി രൂപയിലെത്തിയതായും നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 2020 സെപ്റ്റംബര്‍ 30-ലെ 387 കോടി രൂപയില്‍ നിന്ന് 2020 ഡിസംബര്‍ 31-ന് 235 കോടി രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. 3.04 ശതമാനമായിരുന്ന മൊത്തം നിഷ്‌ക്രിയ ആസ്തി 1.77 ശതമാനമായും താഴ്ന്നു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.30 ശതമാനത്തില്‍ നിന്ന് 0.68 ശതമാനമായും താഴ്ന്നിട്ടുണ്ട്. മൂലധന പര്യാപ്തതാ നിരക്ക് 2020 സെപ്റ്റംബര്‍ 30-ലെ 19.69 ശതമാനത്തില്‍ നിന്ന് 2020 ഡിസംബര്‍ 31-ന് 21.02 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക മേഖലയില്‍ അടുത്ത കാലത്തുണ്ടായ തിരിച്ചു വരവ് ബാങ്കിങ് മേഖലയില്‍ ക്രിയാത്മക ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സി വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. തങ്ങളും ഇതില്‍ നിന്നു വ്യത്യസ്തരല്ലെന്നത് സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2020 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ തങ്ങള്‍ക്ക് 175 കോടി രൂപ അറ്റാദായം കൈവരിക്കാനായി. മോറട്ടോറിയം ആനുകൂല്യങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നിയന്ത്രണ രംഗത്തു നിന്നുള്ള നിര്‍ദ്ദേശങ്ങളില്‍ ഉപരിയായ വകയിരുത്തലുകളാണ് തങ്ങള്‍ നടത്തിയത്. നിക്ഷേപ, വായ്പാ മേഖലകളില്‍ യഥാക്രമം 16, 22 ശതമാനം വാര്‍ഷിക വര്‍ധനവു കൈവരിക്കാനായി. റീട്ടെയില്‍ മേഖലയ്ക്കായുള്ള സമ്പൂര്‍ണ പദ്ധതികളുമായുള്ള പ്രത്യേക വിഭാഗം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട മേഖലയ്ക്കായുള്ള സേവനങ്ങള്‍ തങ്ങളുടെ ശാഖാ ശൃംഖലയെ പ്രയോജനപ്പെടുത്തി മുന്നേറുകയാണ്. ഈ രണ്ടു മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചുള്ള സ്ഥായിയായ ബിസിനസ് മാതൃകയാണ് തങ്ങള്‍ മുന്നില്‍ കാണുന്നത്. സ്വര്‍ണ പണയ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ചെറുകിട നിക്ഷേപം വിപുലമാക്കാനുള്ള ശ്രദ്ധയാവും നടപ്പു ത്രൈമാസത്തിലും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story