Times Kerala

സ്വകാര്യതയാണോ പ്രശനം? എങ്കില്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യൂ: ഡല്‍ഹി ഹൈക്കോടതി

 
സ്വകാര്യതയാണോ പ്രശനം? എങ്കില്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യൂ: ഡല്‍ഹി ഹൈക്കോടതി

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായിരിക്കുമെന്ന ഹർജിയിൽ ഹൈക്കോടതി വാദം കേട്ടു.ഇത് ഒരു സ്വകാര്യ കമ്പനിയാണെന്നും, നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നതായി തോന്നിയാല്‍ നിങ്ങള്‍ക്ക് ഇത് ഒഴിവാക്കാമെന്നുമായിരുന്നു വാദം കേട്ട ശേഷം കോടതി പറഞ്ഞത്. അതേസമയം, വിശദമായ വാദം കേള്‍ക്കാന്‍ കേസ്‌ ജനുവരി 25ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വകാര്യതയെ സംബന്ധിക്കുന്ന കര്‍ശനമായ നിയമങ്ങളുണ്ട്. അതിനാല്‍ വാട്‌സ്ആപ്പിന്റെ നയം അവിടെ വ്യത്യസ്തമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലൊരു നിയമം ബാധകമല്ലാത്തതിനാല്‍ ഇത് സ്വകാര്യതാ ലംഘനമാണെന്നായിരുന്നു വാട്‌സ്ആപ്പിനെതിരെയുള്ള ഹർജിയിൽ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

അതേസമയം,വാട്‌സ്ആപ്പ് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഭാഷണം മൂന്നാമതൊരാളുമായി പങ്കിടുന്നില്ലെന്നും പുതിയ നയങ്ങള്‍ വാട്‌സ്ആപ്പ് ബിസിനസുമായി മാത്രം ബന്ധപ്പെടുന്നവയാണെന്നും കമ്പനിക്കായി ഹാജരായ അഭിഭാഷകൻ മുകുള്‍ രോഹത്ഗി വാദിച്ചു. കേസ് സ്വീകരിക്കരുതെന്നും തിടുക്കത്തില്‍ നോട്ടീസ് പുറപ്പെടുവിക്കരുതെന്നുമായിരുന്നു വാട്‌സ്ആപ്പിനായി ഹാജരായ മറ്റൊരു അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞത്.

വ്യവസ്ഥകള്‍ വയ്ക്കും മുന്‍പ് ഉപഭോക്താവിനോട് അനുമതി വാങ്ങുന്നുണ്ടെന്നും, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നത് ഉപഭോക്താവിന് തീരുമാനിക്കാവുന്ന കാര്യമാണെന്നും വാദം കേട്ട കോടതി ചൂണ്ടിക്കാട്ടി. എന്തൊക്കെയാണ് വാട്‌സ്ആപ്പിന്റെ പുതിയ നയങ്ങളെന്ന് കൃത്യമായി പഠിക്കാനും വാട്‌സ്ആപ്പിനെതിരെ ഹാജരായ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Topics

Share this story