Times Kerala

സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും സംരംഭകത്വം അന്താരാഷ്ട്ര ചര്‍ച്ചയാക്കാന്‍ ഐസിജിഇ സമ്മേളനം

 
സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും സംരംഭകത്വം  അന്താരാഷ്ട്ര ചര്‍ച്ചയാക്കാന്‍ ഐസിജിഇ സമ്മേളനം

കോഴിക്കോട്: സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും സംരംഭകത്വം വളര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാളിറ്റി (ഐസിജിഇ) രണ്ടാം ലക്കത്തിന്‍റെ പ്രധാന ആകര്‍ഷണമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയകര്‍ത്താക്കള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനം സംരംഭകത്വം, സാമ്പത്തിക വളര്‍ച്ച, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഫെബ്രുവരി 11 മുതല്‍ 13 വരെ കോഴിക്കോട് വച്ചാണ് ഐസിജിഇ രണ്ടാം സമ്മേളനം.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസനം, സാമൂഹ്യ സംരംഭങ്ങളെ സുസ്ഥിര വ്യവസായങ്ങളാക്കി മാറ്റാനുള്ള സഹായം, പുത്തന്‍ ആശയങ്ങള്‍, അടിസ്ഥാന സൗകര്യവികസനം, അസമത്വം തുടച്ചു നീക്കല്‍ തുടങ്ങിയവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.

സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും സംരംഭകത്വവും സുസ്ഥിര സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് സാമൂഹ്യ വ്യാപാരത്തിലും സംരംഭങ്ങളിലും ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള കൂടുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. കൊവിഡ് കാലത്തെ പ്രതിസന്ധി കൂടി കണക്കിലെടുത്താണിത്. ‘സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വത്തിന്‍റെ പങ്ക്; ശാക്തീകരണത്തിലെ മധ്യസ്ഥം’ എന്നതാണ് ഇക്കുറി ഐസിജിഇ യുടെ പ്രമേയം.

സ്ത്രീകളുടെ സംരംഭകത്വത്തിന് ഊന്നല്‍ നല്‍കിയാണ് കേരളത്തിന്‍റെ 13-ാമത് പഞ്ചവത്സര പദ്ധതി(2017-2022) വിഭാവനം ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ സാമൂഹ്യനീതി, വനിതാ ശിശുവികസന മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ത്രീകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി അവര്‍ക്ക് ജീവിതമാര്‍ഗ്ഗമുണ്ടാക്കാനും ഇത് ലക്ഷ്യമിടുന്നു. വനിതാസംരംഭങ്ങള്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെ ന്ന് മന്ത്രി പറഞ്ഞു.

നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷവും സുസ്ഥിര സംരംഭകത്വം, സാമൂഹ്യ വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്കുള്ള അവസരം, സംരംഭങ്ങളിലെ പങ്കാളിത്തം എന്ന വിഷയത്തില്‍ ഇതു വരെ ഗഹനമായ ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ല. വ്യക്തമായ സ്ഥിതിവിവരക്കണക്ക് ലഭ്യമല്ലാത്തതിനാല്‍ ഭിന്നലിംഗക്കാരുടെ അവസ്ഥ അത്ര മെച്ചപ്പെട്ടതല്ലെന്ന് ശ്രീമതി ശൈലജ ചൂണ്ടിക്കാട്ടി.

അഭ്യസ്തവിദ്യരില്‍ ഏറ്റവുമധികം തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് സ്ത്രീകളിലാണെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ പി ടി എം സുനീഷ് പറഞ്ഞു. കേരളത്തിലെ സാഹചര്യത്തില്‍ ഇത് പ്രധാനമാണ്. അതിനാല്‍ തന്നെ ഐസിജിഇയുടെ ഇത്തവണത്തെ ചര്‍ച്ചാ വിഷയങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ അന്താരാഷ്ട്രതലത്തിലുള്‍പ്പെടെ എടുത്ത നടപടികള്‍, അനുഭവ പാഠങ്ങള്‍ തുടങ്ങിയവ സദസ്സിനു മുന്നില്‍ ചര്‍ച്ച ചെയ്യാനും അവയില്‍ നിന്ന് അറിവ് പങ്കുവയ്ക്കാനുമുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോ സുനീഷ് പറഞ്ഞു. ഇത് രേഖപ്പെടുത്താനുള്ള നടപടികളും സമ്മേളനത്തില്‍ എടുക്കും. സാങ്കേതികവും തൊഴില്‍പരവുമായ വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവര്‍ക്ക് സഹായകമാകുന്ന സാമ്പത്തിക പരിഹാരനിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്യും.

വെല്ലുവിളികള്‍ നേരിട്ടു കൊണ്ട് തന്നെ പൊതു സമൂഹത്തിന്‍റെ പിന്തുണയോടെ സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും പ്രശ്നങ്ങള്‍ മുഖ്യധാരയില്‍ കൊണ്ടുവരാനും അതുവഴി അവര്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. സുസ്ഥിര സംരംഭകത്വത്തില്‍ പങ്കാളിത്തം ലഭിക്കാനും അധികാരകേന്ദ്രീകരണത്തില്‍ ഉറച്ച ശബ്ദം രേഖപ്പെടുത്താനും കഴിഞ്ഞു.

ഭിന്നലിംഗക്കാര്‍ക്കായുള്ള നയപ്രഖ്യാപനത്തിലൂടെയാണ് 2015 ലെ ഐസിജിഇയുടെ ഒന്നാം ലക്കം ശ്രദ്ധയാകര്‍ഷിച്ചത്. ലിംഗസമത്വം, ഭരണനിര്‍വഹണം, ഉള്‍ക്കൊള്ളല്‍ എന്നതായിരുന്നു 2015ല്‍ തിരുവനന്തപുരത്ത് നടന്ന ഒന്നാം ലക്കത്തിന്‍റെ പ്രമേയം.

Related Topics

Share this story