Times Kerala

ഉത്തരവാദിത്ത, പൈതൃക ടൂറിസം പാതയിൽ കാസർകോട്

 
ഉത്തരവാദിത്ത, പൈതൃക ടൂറിസം പാതയിൽ കാസർകോട്

കാസർകോട്: ബേക്കലിന്റെ പെരുമയിൽ തല ഉയർത്തി നിൽക്കുന്ന തുളുനാട് ഉത്തരവാദിത്ത ടൂറിസത്തിന്റെയും പൈതൃക ടൂറിസത്തിന്റെയും സാധ്യതകളിലേക്ക് തുഴയെറിഞ്ഞ് വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാനപ്പെട്ട ഏഴ് നദികളെ ബന്ധിപ്പിച്ച് നടത്തുന്ന മലനാട് റിവർ ക്രൂയിസ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി നീലേശ്വരം കോട്ടപ്പുറത്ത് എട്ടു കോടി രൂപ ചിലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പ് നിർമ്മിക്കുന്ന ഹൗസ്ബോട്ട് ടെർമിനൽ, 1.35 കോടി ചെലവഴിച്ചു നിർമ്മിക്കുന്ന ടെർമിനൽ റോഡ് എന്നിവയുടെ പ്രവൃത്തി ആരംഭിച്ചു. ഈ വർഷം മെയിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വടക്കിന്റെ വെനീസ് എന്ന പേരിൽ അറിയപ്പെടുന്ന വലിയപറമ്പ് കായൽ ടൂറിസം മേഖലയിൽ വൻതോതിലുള്ള വികസനം യാഥാർഥ്യമാവും. ഏഴ് പുഴകളെ കോർത്തിണക്കി 197 കി.മി യാത്ര ചെയ്ത് ഓരോ പ്രദേശത്തെയും സംസ്‌കാരവും പൈതൃകവും കലാരൂപങ്ങളും രുചിഭേദങ്ങളും ലോകത്തിന് പരിചയപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന് പുറമെ വലിയപറമ്പ് മാവിലാ കടപ്പുറത്ത് 3.75 കോടി മുതൽ മുടക്കി ബോട്ട് ജെട്ടി, വലിയ പറമ്പ് പഞ്ചായത്തിലെ മാടക്കാലിൽ 98 ലക്ഷം ചെലവഴിച്ച് ബോട്ട് ജെട്ടി എന്നിവയാണ് റിവർ ക്രൂയിസ് പദ്ധതിയിൽ ജില്ലയ്ക്ക് ലഭിച്ച നേട്ടങ്ങൾ. ഇവയുടെനിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുകയാണ്.

ഗ്രാമീണ ടൂറിസം വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഉത്തര വാദിത്ത ടൂറിസം മിഷനിലൂടെ കാസർകോടിന്റെ മഹിമ കേരളമറിഞ്ഞു. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ യൂണിറ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കാസർകോട്. പദ്ധതികൾ നടപ്പാക്കിയതിലും പരിശീലനങ്ങൾ നടത്തിയതിലും ജില്ലയ്ക്ക് നാലാം സ്ഥാനമുണ്ട്. ടൂറിസത്തിന്റെ ഗുണങ്ങൾ എത്തിച്ചേരാൻ സാധ്യതയില്ലാത്ത കിഴക്കൻ മലയോര മേഖലകളെ പോലും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി.

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി താൽപര്യമുള്ള ചെറുകിട സംരംഭകരെയും, അക്കമഡേഷൻ യൂണിറ്റുകളെയും കലാപരമായ കഴിവുകൾ ഉള്ളവരെയും കോർത്തിണക്കി മൂന്ന് വ്യത്യസ്ത ഓൺലൈൻ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഇതിൽ ആദ്യഘട്ടം 1078 യൂണിറ്റും രണ്ടാംഘട്ടം 1084 യൂണിറ്റും ഭാഗമായി. മിക്ക യൂണിറ്റുകളും പ്രത്യക്ഷമായോ പരോക്ഷമായോ ടൂറിസത്തിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തിവരുന്നു. വിവിധ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഉത്പന്നങ്ങൾ ആവശ്യാനുസരണം എത്തിച്ചു നൽകുകയും ചെയ്യുന്നു. ഇതിലൂടെ 133,44,946 രൂപ കഴിഞ്ഞവർഷം മാത്രം യൂണിറ്റുകൾക്ക് ലഭിക്കുകയുണ്ടായി. ഇതോടൊപ്പം സ്ത്രീകളെയും വീട്ടമ്മമാരെയും ഉൾപ്പെടുത്തി എത്‌നിക് ക്യുസിൻ പദ്ധതി നടപ്പിലാക്കി വരികയാണ്.

ജില്ലയിലെ പ്രധാന ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്ന് കയ്യൂർ ചീമേനി പഞ്ചായത്തിനെ പെപ്പർ പദ്ധതിയിലും വലിയപറമ്പ പഞ്ചായത്തിനെ മോഡൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയും പ്രവർത്തങ്ങൾ നടന്നു വരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളിലൂടെ കാസർകോട് ജില്ലയെ എക്‌സ്പീരിയൻഷ്യൽ ടൂറിസത്തിന്റെ ഹബ് ആക്കാനാണ് ഉദ്ദേശിക്കുന്നത്.

ബേക്കലിന്റെ മാറ്റ് കൂട്ടി ലൈറ്റ് ആന്റ് സൗണ്ട് ഷോ
പൈതൃക ടൂറിസത്തിന്റെ സാധ്യതകളെ കാസർകോട് അവതരിപ്പിച്ചത് ബേക്കൽ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെയാണ്. നാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ആ നാടിന്റെ സാംസ്‌ക്കാരിക പ്രത്യേകതകളും പൈതൃകവും പഴയ കാലജീവിതങ്ങളുടെ ചരിത്രവുമെല്ലാം സഞ്ചാരികളെ ആകർഷിക്കും എന്ന ചിന്തയിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്. നാല് കോടി രൂപ ഉപയോഗിച്ച് ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണറ്റ് ലൂമിയർ ഉപയോഗിച്ച് ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരത്തിന് ശേഷം കോട്ടയിലെത്തുന്ന സഞ്ചാരികൾക്ക് ഈ നാടിന്റെ ചരിത്രവും സംസ്‌ക്കാരവും ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ അറിയാൻ കഴിയും. സോണറ്റ് ലൂമിയർ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിക്കുന്നതും ബേക്കൽ കോട്ടയിലാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കിയ ഈ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നുവെന്ന പരാതിക്കും പരിഹാരമാകും.

കോട്ടയുടെ മുഖച്ഛായമാറ്റിയ പ്രവേശന കവാടവും പാതയോരവും
വിനോദ സഞ്ചാര ഭൂപടത്തിൽ കാസർകോടിന്റെ മുഖമാണ് ബേക്കൽ. ദക്ഷിണ കർണ്ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള ബേക്കൽ കോട്ട സന്ദർശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവൽക്കരിക്കാനുമായി 99,94,000 രൂപയുടെ പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കി. മികച്ച സ്വാഗത കമാനവും മികച്ച പാതയോരവും ഇന്ന് ബേക്കലിന് സ്വന്തമാണ്.

മഞ്ഞുംപൊതിക്കുന്നിൽ ഇക്കോ സെൻസിറ്റീവ് ആസ്‌ട്രോ ടൂറിസം
മഞ്ഞുംപൊതികുന്നിൽ 4,97,50,000 രൂപയുടെ ആസ്‌ട്രോ ടൂറിസം പദ്ധതി ഉടൻ യാഥാർഥ്യമാകും. കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്ടാണിത്. മലമുകളിൽ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളിൽ ആകാശകാഴ്ചകൾ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും.

മഞ്ഞുംപതിക്കുന്നിൽ എത്തുന്ന സന്ദർശകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി, സംഗീതത്തിന്റെ പാശ്ചാത്തലത്തിൽ വർണാഭമായ ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടൽ എന്നിവയുടെ ദൂര കാഴ്ച കുന്നിൻമുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ, ലഘുഭക്ഷണശാല, പാർക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
റിസപ്ഷൻ സോൺ, ഫ്ളവർ സോൺ, പാർക്കിങ് സോൺ, ഫെസിലിലിറ്റി സോൺ, ഫൗണ്ടെയ്ൻ ആന്റ് ആസ്ട്രോ സേൺ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ആദ്യഘട്ടത്തിൽ ടൂറിസം വകുപ്പ് നൽകുന്ന ഫണ്ടിൽ നിന്നും റിസപ്ഷനും ജലധാരയും പാർക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും മരത്തോപ്പുകളും ഫൗണ്ടെയ്ൻ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാം ഘട്ടത്തിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുല്ല് നിറഞ്ഞ ചെരിവുകളും മരത്തോപ്പും പുൽമേടുകളുടെ ചെരിവും നടപ്പാതയും പൂന്തോട്ടവും ഇതിന്റെ ഭാഗമാകും.

കാഞ്ഞങ്ങാട് നഗരത്തിൽ ടൗൺ സ്‌ക്വയർ
കാഞ്ഞങ്ങാട് നഗരത്തിന് ആധുനിക മുഖച്ഛായ നൽകുന്നതിന്റെ ഭാഗമായി, നഗരവാസികൾക്കും നഗരത്തിൽ എത്തിച്ചേരുന്നവർക്കുമായി സംസ്ഥാന ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയ 498,48,101 രൂപയുടെ ‘കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ’ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് 64 സെന്റ് സ്ഥലത്താണ് മനോഹരമായ ടൗൺ സ്‌ക്വയർ വരിക. ആംഫി തീയറ്റർ, കഫെറ്റേരിയ, ഗെയിം സോൺ, ചിൽഡ്രൻസ് ഏരിയ, സീനിയർ സിറ്റിസൺസ് ഏരിയ, എക്‌സിബിഷൻ ഏരിയ, ഫീഡിങ് ഏരിയ, ഹാൻഡിക്രാഫ്റ്റ് ഷോപ്പ്, ടോയ്‌ലറ്റ്, പാർക്കിങ്, സീറ്റിങ്, മഴവെള്ള സംഭരണി, റെയിൻ ഷെൽട്ടർ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങൾ ടൗൺ സ്‌ക്വയർ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുന്നതാണ്. ടൗൺസ്‌ക്വയർ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.

പൊസഡിഗുംബെ ടൂറിസം പദ്ധതി ഫെബ്രുവരിയിൽ
കാസർകോട്ടെ മലമുകളിൽ മഞ്ഞുവീഴുന്ന കാഴ്ചകളൊരുക്കുന്ന പൊസഡിഗുംപെ മല നിരകളെ ടൂറിസം കേന്ദ്രമാകും. കാസർകോട്ടെ പൈവളിഗെ ഗ്രാമത്തിലെ പൊസഡിഗുംബെ ഒരു കന്നഡ ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിയാൻ അവസരമൊരുക്കും. മഞ്ഞംപൊതിക്കുന്ന് റാണിപുരം മല നിരകൾക്കൊപ്പം ജില്ലയിലെ പ്രധാന ആകർഷണമായി പൊസഡിഗുംപെ മാറും. ബി ആർ ഡി സി യാണ് ഇവിടേക്കുള്ള ടൂറിസം പദ്ധതിക്ക് രൂപം നൽകുന്നത്. കണ്ണൂർ, മംഗലാപുരം വിമാന താവളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് ഇവിടേക്ക് കടന്നു വരാനാകും. പുതിയ ഡെസ്റ്റിനേഷനുകൾ ജില്ലയുടെ ടൂറിസം സാധ്യതകൾക്ക് കുതിപ്പേകും. പദ്ധതി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.

ആവേശമായി കൈറ്റ് ബീച്ച്
കാഞ്ഞങ്ങാട് നഗരത്തിന്റെ തീരപ്രദേശത്ത് ‘കൈറ്റ് ബീച്ച്’ എന്ന പേരിൽ ഹോസ്ദുർഗ്ഗ് ബീച്ചിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനും സംസ്ഥാന ടൂറിസം വകുപ്പ് നേരത്തേ തന്നെ 9874788 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ബീച്ചിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കാസറഗോഡ് വികസന പാക്കേജിലും ടൂറിസം മേഖലയ്ക്ക് നേട്ടം

കുമ്പളയിലും കിദൂരിലും 2.74 കോടി മുതൽ മുടക്കിൽ ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കും. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തായി 1.13 കോടി ചിലവിൽ ചിൽഡ്രൻസ് പാർക്ക്, ചെങ്കള പഞ്ചായത്തിൽ കാസർകോട് കഫെ എന്നിവ സ്ഥാപിക്കും. കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ പദ്ധതിക്ക് 52 ലക്ഷം രൂപയുണ്ട്. കൈറ്റ് ബീച്ച് കാഞ്ഞങ്ങാട്, റാണിപുരം ഡി.ടി.പി.സി റിസോർട്ട് സൗന്ദര്യവത്ക്കരണം, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നടപ്പാത, നീലേശ്വരം അഴിത്തല ബീച്ച് സൗന്ദര്യവൽക്കരണത്തിനായി 4,98,80,000 രൂപ, പടന്നക്കാട് റിവർ വ്യൂ പാർക്കിന് 2 കോടി എന്നിവ വകയിരുത്തി.

Related Topics

Share this story