Times Kerala

സർക്കാർ ജീവനക്കാർക്കുള്ള അഞ്ചാംഘട്ട ഭവനപദ്ധതിയുടെ ശിലാസ്ഥാപനം റവന്യു മന്ത്രി നിർവ്വഹിച്ചു

 
സർക്കാർ ജീവനക്കാർക്കുള്ള അഞ്ചാംഘട്ട ഭവനപദ്ധതിയുടെ ശിലാസ്ഥാപനം റവന്യു മന്ത്രി നിർവ്വഹിച്ചു

കാസർഗോഡ്: സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖേന സർക്കാർ ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന അഞ്ചാംഘട്ട ഭവന പദ്ധതിയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ പുലിയുംകുളത്തു നിർമ്മിക്കുന്ന ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. എം രാജഗോപാൽ എം എൽ എ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹൻ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെമ്പർ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, ജില്ലാപഞ്ചായത്ത് അംഗം കെ ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ചന്ദ്രൻ, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് അംഗം വി സന്ധ്യ, മുൻ എംഎൽഎ എം കുമാരൻ, കക്ഷി നേതാക്കളായ ഹരീഷ് പി നായർ പി ടി നന്ദകുമാർ എന്നിവർ സംസാരിച്ചു.

ഭവന നിർമ്മാണ ബോർഡ് ചീഫ് എൻജിനീയർ കെ പി കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭവന നിർമ്മാണം ബോർഡ് അഡീഷണൽ സെക്രട്ടറി കെ ബാബു സ്വാഗതവും എസ് ഗോപകുമാർ നന്ദിയും പറഞ്ഞു.സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 2019-20 വർഷത്തെ പ്ലാൻ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ സർക്കാർ ജീവനക്കാർക്ക് വേണ്ടി അഞ്ചാം ഘട്ടത്തിൽ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലായി 24 ഫ്‌ളാറ്റുകൾ നിർമിക്കുന്നതിന് ആറു കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ പരപ്പ വില്ലേജിൽ പുലിയംകുളത്ത് ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് 2,61,46,755 രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇവിടെ 170 സെന്റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളിൽ മൂന്നു നിലകളിലായി രണ്ട് ബെഡ്‌റൂം ഉള്ള ആറ് ഫ്‌ളാറ്റുകളും ഒരു ബെഡ്‌റൂം വീതമുള്ള ആറ് ഫ്‌ളാറ്റുകളുമുൾപ്പെടെ 12 ഫ്‌ളാറ്റുകളാണ് നിർമ്മിക്കുന്നത്.

സംസ്ഥാനത്തെ വിവധയിടങ്ങളിൽ നിന്നും മലയോരത്ത് ജോലിയെക്കെത്തുന്ന സർക്കാർ ജീവനക്കാർക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യമിട്ടാണ് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖേന ഫ്ളാറ്റുകൾ നിർമ്മിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ പുലിയുംകുളത്ത് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖേന സർക്കാർ ജീവനക്കാർക്ക് വേണ്ടി നിർമ്മിക്കുന്ന ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

വെള്ളരിക്കുണ്ട് സിവിൽ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുന്നതോടെ ജോലിയ്ക്കായി ഇവിടെ എത്തിച്ചേരുന്ന ജീവനക്കാർക്ക് താമസം പ്രധാനപ്പെട്ട വിഷയമാണ.് വളരെ അകലെയുള്ള ജീവനക്കാർ താമസ സൗകര്യമില്ലാത്ത മലയോരമേഖലകളിൽ എത്തിച്ചേർന്നാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ കണക്കിലെടുത്താണ് താമസസൗകര്യം ഉറപ്പാക്കുന്നതിനാണ് പണം നീക്കിവെച്ചത്. ആസ്ഥാന മന്ദിരം പൂർത്തീകരിക്കുന്നതോടൊപ്പം വളരെ തന്നെ അവർക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിനുള്ള ഫ്‌ളാറ്റുകൾ നിർമിക്കാനും കഴിയും. അതിനാൽ വളരെ പെട്ടെന്ന് പ്രവർത്തി ആരംഭിച്ച് ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പരപ്പയിൽ ജീവനക്കാർക്കായി താമസസൗകര്യമൊരുങ്ങുന്നത് മലയോരത്തിന് വലിയ ഗുണം ചെയ്യുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. ഓരോ സർക്കാരും തുടങ്ങിവെക്കുന്ന പദ്ധതികൾ പൂർത്തീകരിക്കേണ്ട ചുമതല തുടർന്ന് വരുന്ന സർക്കാരുകൾക്കുണ്ട്. അതാണ് ജനാധിപത്യത്തിന്റെ ഉദാത്തമായ മാതൃകയെന്നും എം പി പറഞ്ഞു.

Related Topics

Share this story