Times Kerala

എംബാമിംഗ് കഴിഞ്ഞ് മയ്യത്തിന്റെ പേരും മേല്‍വിലാസവും എഴുതിയ പെട്ടിയില്‍ ആണിയടിച്ച് കാര്‍ഗോ വിഭാഗത്തിലൂടെ അതേ വിമാനത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ ഉറ്റലരിലേക്കും, ഉടയവരിലേക്കും മുന്നില്‍ എത്തുന്നു,മയ്യത്ത് എന്ന വിളിപ്പോരോടെ…; അഷ്‌റഫ് താമരശ്ശേരി

 
എംബാമിംഗ് കഴിഞ്ഞ് മയ്യത്തിന്റെ പേരും മേല്‍വിലാസവും എഴുതിയ പെട്ടിയില്‍ ആണിയടിച്ച് കാര്‍ഗോ വിഭാഗത്തിലൂടെ അതേ വിമാനത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ ഉറ്റലരിലേക്കും, ഉടയവരിലേക്കും മുന്നില്‍ എത്തുന്നു,മയ്യത്ത് എന്ന വിളിപ്പോരോടെ…; അഷ്‌റഫ് താമരശ്ശേരി

ബാബു എന്ന പ്രവാസിയുടെ മരണത്തെ കുറിച്ച് വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി.

കുറിപ്പിങ്ങനെ,

ഷാര്‍ജ വിമാനത്താവളത്തിന്റെ Arrival ഗേറ്റിന് പുറത്തേക്ക് ഒരുപാട് പ്രതീക്ഷയോടെ,ഒരുപാട് സ്വപ്നങ്ങളുമായി ഒട്ടനവധി പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് Enter ആകുന്നു. അതേസമയം ഷാര്‍ജ വിമാനത്താവളത്തിന്റെ തെക്കേ ഭാഗത്ത് കാര്‍ഗോ Section ലില്‍ പ്രതീക്ഷകളും,സ്വപ്നങ്ങളും ബാക്കി വെച്ച് എംബാമിംഗ് ചെയ്ത പെട്ടിയില്‍ നിശ്ചലമായ അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്ന മറ്റ് ചിലര്‍. ഒരു വിമാന താവളത്തിന്റെ രണ്ട് വാതിലുകളില്‍ ഒരേസമയം സംഭവിക്കുന്ന കാര്യങ്ങളാണ് ഈ മുകളില്‍ പറഞ്ഞത്.

ഓരോ അവധികാലം കഴിഞ്ഞ് വരുന്നവര്‍ മനസ്സില്‍ പ്രതീക്ഷവെക്കുന്നത് അല്ലെങ്കില്‍ കലുഷമായ മനസ്സിനെ സമാധാനപ്പെടുത്തുന്നത് അടുത്ത തവണ ഇവിടെ നിന്നും പ്രവാസം മതിയാക്കി നാട്ടിലേക്കുളള തിരിച്ച് പോക്കിനെ കുറിച്ച് ഓര്‍ത്തുകൊണ്ടാണ്.അതിന് തടസ്സമാകുന്നത്, ഒരിക്കലും അവസാനിക്കാത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയാണ്.ഓരോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴും അടുത്ത പ്രശ്‌നങ്ങളുടെ നീണ്ട നിര നീണ്ടു നീണ്ടു പോകുന്നു.ഒരു നാള്‍ എല്ലാ ശരിയാകുമെന്ന പ്രവാസിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇവിടെ തന്നെ ബാക്കി വെച്ച് എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും യാത്ര പോകുന്നത്.യാത്രക്കാരുടെ സീറ്റിലല്ല എന്ന വിത്യാസമാത്രം.നമ്മള്‍ ഇടുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍ മറ്റാരോ അഴിക്കുന്നു.അത്രയുളളു ജീവിതവും മരണവും തമ്മിലുളള ദൂരം.

ഇതൊക്കെ ഞാന്‍ എഴുതുവാന്‍ കാരണം ഇന്ന് ഞാന്‍ നാട്ടിലേക്ക് അയച്ച മയ്യത്തുകളിലൊന്ന്, എനിക്ക് ഒന്നര പതിറ്റാണ്ട് കാലമായി പരിചയമുളള കണ്ണൂര്‍ സ്വദേശി ബാബുവിന്റെതേയിരുന്നു. കഴിഞ്ഞ 35 വര്‍ഷകാലമായി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്ത് വരുന്ന സാധാരണ പ്രവാസിയാണ് ബാബു.അസുഖങ്ങളുടെ നീണ്ട list മായി മുന്നോട്ട് പോവുകയായിരുന്നു.ഞാന്‍ കണ്ട കാലം മുതല്‍ എന്നോട് പറയുമായിരുന്നു. അഷ്‌റഫ് അടുത്ത ഒരു പ്രാവശ്യം കൂടി മാത്രമെ ഞാന്‍ ഇവിടെയുളളു.നാട്ടില്‍ പോയി എന്തെങ്കിലും ചെയ്ത് ജീവിക്കണം.ശാരീരിക അസ്വസ്തകള്‍ അയാളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി കൊണ്ടിരുന്നു.ഓരോ അവധി കഴിഞ്ഞ് വരുമ്പോഴും പുതിയ പ്രാരാബന്ധങ്ങളും,പ്രശ്‌നങ്ങളും അയാളെ കാത്ത് കിടപ്പുണ്ടാകും.അങ്ങനെ നീണ്ട് നീണ്ട് പോയി വര്‍ഷങ്ങള്‍, കഴിഞ്ഞയാഴ്ച എന്നെ കണ്ടപ്പോള്‍ ബാബു പറഞ്ഞത്,നമ്മള്‍ ഓരോ കാര്യങ്ങള്‍ ആഗ്രഹിക്കും ദൈവം മറ്റൊന്ന് പ്രവര്‍ത്തിക്കും. കുറച്ച് ബാധ്യതകളും കൂടിയുണ്ട്,അതിനിടക്കാണ് കോവിഡ് വന്ന് പ്രശ്‌നങ്ങള്‍ ആയത്.എന്തായാലും പോകുന്നത് വരെ പോകട്ടെ,എന്ന നിരാശയോടെയുളള ബാബുവിന്റെ വാക്കുകള്‍ മയ്യത്ത് കാര്‍ഗോയിലെടുത്ത് വെക്കുമ്പോഴും എന്റെ കണ്ണുകളെ നനയ്ക്കുന്നുണ്ടായിരുന്നു.അതെ പ്രശ്‌നങ്ങളും പ്രാരാബന്ധങ്ങളും ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് എന്റെ പ്രിയപ്പെട്ട ബാബു യാത്രയായി.

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോകുന്നവരില്‍ അത്തര്‍ പൂശി പുതു വസ്ത്രങ്ങളും ധരിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങളും മേടിച്ച് 30 kg ലഗേജിലിട്ട് Hand bag മായി യാത്രക്ക് പോകുന്നവര്‍ ഒരു വിഭാഗം, എംബാമിംഗ് കഴിഞ്ഞ് മയ്യത്തിന്റെ പേരും മേല്‍വിലാസവും എഴുതിയ പെട്ടിയില്‍ ആണിയടിച്ച് കാര്‍ഗോ വിഭാഗത്തിലൂടെ അതേ വിമാനത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ ഉറ്റലരിലേക്കും, ഉടയവരിലേക്കും മുന്നില്‍ എത്തുന്നു,മയ്യത്ത് എന്ന വിളിപ്പോരോടെ…

അഷ്‌റഫ് താമരശ്ശേരി

Related Topics

Share this story