Times Kerala

കെഎസ്യുഎം ഇന്‍കുബേഷന്‍ സെന്‍ററുകളിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

 
കെഎസ്യുഎം ഇന്‍കുബേഷന്‍ സെന്‍ററുകളിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട്: നൂതന സംരംഭങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക-സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്യുഎം) കീഴിലുള്ള കാസര്‍കോട്, കോഴിക്കോട് ഇന്‍കുബേഷന്‍ സെന്‍ററുകളിലേക്ക് ജില്ലകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

മികച്ച ആശയങ്ങള്‍ വിപണി മൂല്യമുള്ള ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്കും സംരഭകര്‍ക്കും ആവശ്യമായ സഹായം ലഭിക്കുന്നതിന് കെഎസ്യുഎം ഇന്‍കുബേഷന്‍ സെന്‍ററുകളിലേക്ക് ടെക്നോളജി മേഖലയിലുള്ള ഏതു സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം.

അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള ഉന്നത നിലവാരത്തിലുള്ള ഓഫിസ്, നിബന്ധനകള്‍ക്കു വിധേയമായി സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം, സാങ്കേതിക സഹായം, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച തുടങ്ങി നിരവധി സൗകര്യങ്ങള്‍ കെഎസ്യുഎം നല്‍കും.
അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് മേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കാനുള്ള അവസരം, കോഴിക്കോട്-ബാംഗ്ലൂര്‍ ഐഐഎമ്മുകളുമായി സഹകരിച്ചു നടത്തുന്ന മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് പ്രോഗ്രാം എന്നിവ കെഎസ്യുഎം ഇന്‍ഡക്ഷന്‍ പ്രോഗ്രാമുകളുടെ പ്രത്യേകതകളാണ്. കൂടാതെ ഇന്‍റര്‍നെറ്റ് ക്ലൗഡ് സര്‍വീസുകളും ഡെവലപ്മെന്‍റ് ടൂളുകളും സൗജന്യമായി ലഭ്യമാക്കും.

ലോകത്തെ മികച്ച സ്റ്റാര്‍ട്ടപ് വിദഗ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരില്‍നിന്ന് മാര്‍ഗനിര്‍ദ്ദേശവും മികച്ച ആശയങ്ങളെ വിപണി മൂല്യമുള്ള ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കുന്ന 12 ലക്ഷം രൂപയുടെ ഇന്നൊവേഷന്‍ ഗ്രാന്‍റ് നേടാനുള്ള അവസരവും ലഭിക്കും.

ജനുവരി 21 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ www.f6s.com/ ksum എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് sawad@startupmission.in.

Related Topics

Share this story