Times Kerala

ഈ ശീലങ്ങൾ‌ മാറ്റിയാൽ മുടികൊഴിച്ചിൽ അകറ്റാം.!

 
ഈ ശീലങ്ങൾ‌ മാറ്റിയാൽ മുടികൊഴിച്ചിൽ അകറ്റാം.!

ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ ഒരു രോ​ഗമല്ല മറിച്ച് ഒരു രോ​ഗലക്ഷണമാണ്. മോശം ജീവിതശൈലിയും പോഷകക്കുറവുള്ള ഭക്ഷണവുമാണ് മുടികൊഴിച്ചിലിന് പ്രധാനകാരണങ്ങൾ. മുടികൊഴിച്ചിൽ തടയാനായി കടകളിൽ പലതരത്തിലുള്ള ഷാംപൂവുകളും എണ്ണകളും വിൽക്കപ്പെടുന്നുണ്ട്.

എന്നാൽ അത് എത്രമാത്രം ദോഷം ചെയ്യുമെന്ന് ആരും ചിന്തിക്കാറില്ല. മുടികൊഴിച്ചിലിന് ഈ പറഞ്ഞതൊക്കെ കാരണങ്ങളാണെങ്കിലും ചില ശീലങ്ങളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിലിന് കാരണമാകുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്…

മിക്കവരും ചെയ്യുന്നത് പ്രഭാതഭക്ഷണം ഒഴിവാക്കി രാത്രി ഭക്ഷണം കൂടുതൽ കഴിക്കാറാണ് പതിവ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല. കാരണം, പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാം. അതോടൊപ്പം തന്നെ മുടികൊഴിച്ചിലും ഉണ്ടാകാം. സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് മുടികൊഴിച്ചിൽ കൂട്ടാനുള്ള സാധ്യത കൂടുതലാണ്.

ചൂടുവെള്ളത്തിൽ കുളിക്കുന്നത്…

ചിലർ ദിവസവും കുളിക്കാറുള്ളത് ചൂടുവെള്ളത്തിലാണ്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിൽ കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ചൂടുവെള്ളത്തിൽ കുളിച്ചാൽ മുടി പൊട്ടി പോകാനുള്ള സാധ്യതയും കൂടുതലാണ്.

ഹെയർ ഡ്രയറിന്റെ ഉപയോ​ഗം…

ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നവരുടെ ശീലം ഇന്ന് കൂടി വരികയാണ്. കുളിച്ച് കഴിഞ്ഞ് തലമുടി പെട്ടെന്ന് ഉണങ്ങാൻ മിക്കവരും ഉപയോ​ഗിക്കുന്നത് ഹെയർ ഡ്രയറാണ്. ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാനും മുടി പൊട്ടാനും സാധ്യത കൂടുതലാണ്.

മുടി മുറുക്കി കെട്ടുന്നത്…

മിക്ക പെൺകുട്ടികളും മുടി മുറുക്കി കെട്ടാറാണ് പതിവ്. എന്നാൽ മുടി മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലുണ്ടാക്കാം. അത് കൂടാതെ, മുടി വളരെ പെട്ടെന്ന് പൊട്ടാനും നരയ്ക്കാനും സാധ്യത കൂടുതലാണ്.

മരുന്നുകൾ…

ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. തെെറോയിഡിനും മാനസിക സമ്മർദ്ദത്തിനും കഴിക്കാറുള്ള ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ​ഗർഭനിരോധന ​ഗുളികകൾ കഴിക്കുന്നത് മുടികൊഴിച്ചിലുണ്ടാക്കാം.

Related Topics

Share this story