Times Kerala

സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ്; ‘കോടിഷ് നിധി’ തട്ടിയെടുത്തത് കോടികൾ; ജീവനക്കാരെ പോലും അറിയിക്കാതെ മുതലാളി മുങ്ങി; പോലീസ് സ്റ്റേഷനിലെത്തിയത് 100ൽ അധികം പരാതികൾ; ശാഖകൾ പൂട്ടി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

 
സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ്; ‘കോടിഷ് നിധി’ തട്ടിയെടുത്തത് കോടികൾ; ജീവനക്കാരെ പോലും അറിയിക്കാതെ മുതലാളി മുങ്ങി; പോലീസ് സ്റ്റേഷനിലെത്തിയത് 100ൽ അധികം പരാതികൾ; ശാഖകൾ പൂട്ടി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് സ്വകാര്യ പണമിടപാട് സ്ഥാപനം രണ്ട് കോടിയിലധികം രൂപ തട്ടിയെന്നാണ് പരാതി. മലബാറിലെ നാല് ജില്ലകളില്‍ ശാഖകളുള്ള ‘കോടിഷ് നിധി ലിമിറ്റഡ്’ എന്ന സ്ഥാപനത്തിനെതിരെയാണ് ഇടപാടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോഴിക്കോട് ഫറോഖ്, നല്ലളം സ്റ്റേഷനുകളിലായി സ്ഥാപനത്തിനെതിരെ നാല്‍പ്പത്തി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിക്ഷേപിക്കുന്ന തുകക്ക് പന്ത്രണ്ടര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യഘട്ടങ്ങളില്‍ ഇടപാടുകാരെ പിടിച്ചു നിർത്താൻ കൃത്യമായ രീതിയിലായിരുന്ന കമ്പനിയുടെ പ്രവർത്തനം. മൂന്ന് മാസം മുന്‍പ് പലരും പണം പിന്‍വലിക്കാനുള്ള താല്‍പര്യമറിയിച്ചപ്പോള്‍ സാങ്കേതിക തടസം പറഞ്ഞ് ദിവസങ്ങൾ നീട്ടുകയായിരുന്നു. മാസങ്ങൾ നീണ്ടതോടെ തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ ഇടപാടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ നിലമ്പൂര്‍ സ്വദേശിയായ സ്ഥാപന ഉടമ ജീവനക്കാരോട് പോലും കാര്യങ്ങളറിയിക്കാതെ മുങ്ങിയിരുന്നു. നിക്ഷേപകര്‍ സ്ഥാപനത്തിലെത്തി കാര്യം തിരക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിഞ്ഞത്. പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തില്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. തട്ടിപ്പിനിരയായവരുടെ എണ്ണം ഫറോഖ്, ചെറുവണ്ണൂര്‍, മണ്ണൂര്‍ മേഖലയില്‍ മാത്രം നൂറ് കടന്നിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്നാണ് ബോര്‍ഡില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ അത്തരത്തിലൊരു അംഗീകൃത മാര്‍ഗനിര്‍ദേശമില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.സ്ഥാപനത്തിന്റെ ചെറുവണ്ണൂര്‍, മണ്ണൂര്‍ വളവ്, ഈസ്റ്റ് ഹില്‍ ശാഖകള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തു. ഉടമയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.

Related Topics

Share this story