Times Kerala

വാക്സിനേഷൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും

 
വാക്സിനേഷൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും

എറണാകുളം: ആദ്യഘട്ട കോവിഡ് വാക്സിനേഷൻ നടക്കുന്ന 12 കേന്ദ്രങ്ങളിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. സുഹാസ്. വാക്സിനേഷനു മുന്നോടിയായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ 10 മണിക്ക് വാക്സിനേഷൻ ആരംഭിക്കും. ദേശീയ, സംസ്ഥാന തല ഉദ്ഘാടനങ്ങൾക്കായി ടു – വേ കമ്യൂണിക്കേഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. ഉദ്ഘാടന ചടങ്ങിനു ശേഷം വാക്സിനേഷൻ ആരംഭിക്കും.

വരും ദിവസങ്ങളിൽ മുതൽ കേന്ദ്രങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു. അതിനുള്ള പരിശീലനവും സജ്ജീകരണങ്ങളും കൂടുതൽ ശക്തമാക്കും. 125 സ്വകാര്യ ആശുപത്രികളും 129 സർക്കാർ ആശുപത്രികളും അടക്കം ആകെ 260 വാക്സിനേഷൻ കേന്ദ്രങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിലെ 12 കേന്ദ്രങ്ങളിലും മോക്ക്ഡ്രിൽ പൂർത്തിയായി. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിൻ എത്തിച്ചു കഴിഞ്ഞു.

കോവിഡ് വാക്സിനേഷൻ്റെ ജില്ലാതല കർമ്മ സമിതി നിരവധി ചർച്ചകൾക്ക് ശേഷമാണ് 12 കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്. എല്ലാ വിഭാഗങ്ങളിലുമുള്ള ആരോഗ്യസ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, സ്വകാര്യ ആശുപത്രികൾ, തീരദേശ – ആദിവാസി മേഖലകൾ, സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജുകൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അർബൻ പി എച്ച് സിയായ കടവന്ത്രയിൽ നൂതന മാതൃകയാണ് സ്വീകരിച്ചത്. പി പി പി മാതൃകയിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ സഹകരണത്തോടെയാണ് വാക്സിനേഷൻ സെൻ്റർ പ്രവർത്തിക്കുക. ഇവിടെ സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ എടുക്കുന്നത് അമ്യതയിലെ ഡോക്ടർമാരായിരിക്കും. ഇത് ഒരു നൂതന സമീപനമാണ്. പൊതു സ്വകാര്യ പങ്കാളിത്തം മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.

രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. അവർക്കാണ് ആദ്യ പരിഗണന നൽകുന്നത്. രജിസ്റ്റർ ചെയ്ത പ്രകാരം സ്ലോട്ട് അനുസരിച്ചാണ് വാക്സിൻ നൽകുന്നത്. ആദ്യ ദിവസത്തിനു ശേഷം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കും. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ ലഭ്യമാകുന്ന വിധത്തിലുള്ള സംവിധാനം ഏർപ്പെടുത്തും.

കോവിഡ് വാക്സിനേഷൻ കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക. സംസ്ഥാനത്ത് ഏറ്റവുമധികം ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. 63000 പേർ. 73000 ഡോസാണ് ജില്ലയ്ക്ക് ലഭിച്ചത്.

സർക്കാർ മെഡിക്കൽ കോളേജ് കളമശേരി കോവിഡ് പ്രതിരോധരംഗത്ത് ശക്തമായി പ്രവർത്തിച്ചു വരികയാണ്. അതിനാൽ കോ വിഡ് വാക്സിനേഷന് ആദ്യ പരിഗണന മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കാണ് നൽകിയത്. കോവിഡ് – ഇതര രോഗികൾ ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അടുത്ത പരിഗണന ജനറൽ ആശുപത്രി ജീവനക്കാർക്ക് നൽകി. തുടർന്ന് താലൂക്ക് ആശുപത്രികള പരിഗണിച്ചു.

സാമൂഹിക അകലം, മാസ്ക് തുടങ്ങിയ കോ വിഡ് പ്രോട്ടോക്കോൾ പാലിക്കണം. വാക്സിൻ സ്വീകരിക്കുന്നവർക്കും നൽകുന്നവർക്കും അസൗകര്യമുണ്ടാകുന്ന വിധത്തിൽ തിരക്ക് ഉണ്ടാകരുത്.

വാക്സിനേഷൻ ബൂത്തിൽ നിയുക്ത വാക്സിനേഷൻ ഓഫീസർ, വാക്സിൻ സ്വീകരിക്കുന്ന വ്യക്തി, ആരോഗ്യ പ്രവർത്തകൻ എന്നിവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും കളക്ടർ പറഞ്ഞു.

ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എം.ജി.ശിവദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ആർ. വിവേക് കുമാർ, അഡീഷണൽ ഡി എം ഒ ഡോ. എസ്.ശ്രീദേവി, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story