Times Kerala

സംസ്ഥാന ബഡ്ജറ്റ്: കുടുംബശ്രീയ്ക്ക് 1749 കോടി

 
സംസ്ഥാന ബഡ്ജറ്റ്: കുടുംബശ്രീയ്ക്ക് 1749 കോടി

തിരുവനന്തപുരം: ബഡ്ജറ്റിൽ കുടുംബശ്രീയ്ക്കായി മികച്ച പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് നടത്തിയത്. വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് ലഭിക്കുക. സംസ്ഥാന ബജറ്റിൽ നിന്നും പ്ലാൻ ഫണ്ടിന് പുറമേ പ്രത്യേക ഉപജീവന പാക്കേജായി 60 കോടി രൂപ ഉൾപ്പെടെ 260 കോടി രൂപയാണ് കുടുംബശ്രീയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിനു പുറമെ തൊഴിൽ പരിശീലന കർമ്മ പദ്ധതി, വിദ്യാശ്രീ ലാപ്ടോപ്പ് സ്‌കീം, റീബിൽഡ് കേരള, ആശ്രയ, ക്രൈം മാപ്പിങ്, സ്നേഹിത തുടങ്ങിയ പദ്ധതികൾക്ക് വേണ്ടി 125 കോടി രൂപ പ്രത്യേകമായും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സഹായഹസ്തം, വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി എന്നിവയ്ക്കായുള്ള പലിശ സബ്സിഡി 300 കോടി രൂപയും അനുവദിച്ചു. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ നിന്ന് 1064 കോടി രൂപയും ലഭ്യമാകും. 20 ലക്ഷം പേർക്ക് അഞ്ച് വർഷം കൊണ്ട് ഡിജിറ്റൽ പ്‌ളാറ്റ്‌ഫോം വഴി തൊഴിൽ നൽകുന്നതിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നൽകുന്നതിന് അഞ്ചു കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. ഗുണഭോക്താക്കളിൽ 75 ശതമാനം സ്ത്രീകളായിരിക്കും. ഇതിനായി പ്രത്യേക സബ് മിഷൻ കുടുംബശ്രീ ആരംഭിക്കും.

ഒരു ലക്ഷം സംഘകൃഷി ഗ്രൂപ്പുകൾക്ക് കുറഞ്ഞ പലിശയ്ക്ക് കാർഷിക വായ്പ, മൈക്രോ സംരംഭങ്ങൾക്ക് ജില്ലാ മിഷനുകളുടെ ഉറപ്പിൽ ഈടില്ലാതെ വായ്പ, സംരംഭങ്ങളുടെ ക്‌ളസ്റ്റർ, ഷെയർ നൽകി പുനസംഘാടനം, കുടുംബശ്രീ നൈപുണ്യ പരിശീലനം നേടുന്നവർക്ക് തൊഴിലിനുള്ള പ്രത്യേക പദ്ധതിയുടെ വ്യാപനം, കുടുംബശ്രീ കയർ ആന്റ് ക്രാഫ്റ്റ് സ്‌റ്റോറുകൾ, ജനകീയ ഹോട്ടലുകൾ, പച്ചക്കറി വിപണനശാലകൾ, ഹോം ഷോപ്പുകൾ, കേവല ദാരിദ്ര്യം തുടച്ചുനീക്കാൻ കുടുംബശ്രീ മുഖേന മൈക്രോ പ്ലാനുകൾ, കുടുംബശ്രീ ഇൻഷുറൻസ്, സ്മാർട്ട് കിച്ചൻ, കൂടുതൽ ബഡ്‌സ് സ്‌കൂൾ, എല്ലാ വാർഡുകളിലും വയോ ക്‌ളബുകൾ എന്നീ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. വയനാട് കാപ്പി ബ്രാൻഡ് ഓഫീസ് വെന്റിങ് മെഷീനുകൾക്കും കിയോസ്‌കുകൾക്കുമായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ മാപ്പിങിനായി 20 കോടിയും സ്‌നേഹിതയ്ക്കായി ഏഴു കോടിയുമാണ് അനുവദിച്ചത്. സി. ഡി. എസ് ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 8000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. സി. ഡി. എസ് അംഗങ്ങൾക്കെല്ലാവർക്കും പ്രതിമാസ യാത്രാബത്തയായി 500 രൂപ വീതവും അനുവദിച്ചു. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി കേരള ചിക്കൻ, എഗ് വാല്യു ചെയിൻ, സ്റ്റാർട്ടപ്പ് വില്ലെജ് എന്റർപ്രണർഷിപ്പ് പ്രോജക്ട് എന്നിവയ്ക്ക് 46.87 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.

Related Topics

Share this story