Times Kerala

ആരോഗ്യമേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ബജറ്റ്: ഡോ. സഹദുള്ള

 
ആരോഗ്യമേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ബജറ്റ്: ഡോ. സഹദുള്ള

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ആരോഗ്യ പരിരക്ഷാ മേഖലയില്‍ നാലായിരത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് പ്രഖ്യാപിച്ചത് മൊത്തത്തില്‍ ഈ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്നതാണെന്ന് കിംസ്ഹെല്‍ത്ത്-ഇന്ത്യ ഗള്‍ഫ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എംഐ സഹദുള്ള പറഞ്ഞു.

പക്ഷേ കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിലും ശനിയാഴ്ച ആരംഭിക്കുന്ന വമ്പിച്ച വാക്സിനേഷന്‍ യജ്ഞം കണക്കിലെടുത്തും ആരോഗ്യമേഖലയെ മുന്‍ഗണനാ മേഖലയായി പ്രഖ്യാപിക്കേണ്ടിയിരുന്നുവെന്ന് അദ്ദഹം ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ കോളജുകളുടെ നിലവാരം ഉയര്‍ത്താനായി 120 കോടി രൂപ വകയിരുത്തിയത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ മേന്‍മ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വയനാട് മെഡിക്കല്‍ കോളജിനായി കിഫ്ബി 300 കോടി രൂപ നീക്കിവച്ചത് പഴുതുകളടച്ച് ഉത്തര കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ഗുണകരമാക്കും.

ഉച്ചയ്ക്കുശേഷമുള്ള ഒ.പി, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ലാബ് സൗകര്യങ്ങള്‍ എന്നീ പ്രഖ്യാപനങ്ങള്‍ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യചികിത്സ നല്‍കുമെന്ന് പ്രഖ്യാപിച്ചത് മികച്ച ജീവന്‍ രക്ഷാ നടപടിയാണ്.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് തീര്‍ത്തും അപര്യാപ്തമായ മെഡിക്കല്‍ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാന്‍ പോന്നതാണ് 500 പോസ്റ്റ്-ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ എന്ന പ്രഖ്യാപനം.

യുവ സംരംഭകര്‍ക്ക് ചെലവു കുറഞ്ഞ രീതിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കാന്‍ സൗകര്യം നല്‍കുന്നതാണ് മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്. അതുപോലെതന്നെ മരുന്നുകള്‍ക്കു വില കുറയാന്‍ സഹായിക്കുന്നതാണ് വന്‍തോതില്‍ മരുന്ന് നിര്‍മിക്കാന്‍ വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള ഫാര്‍മ പാര്‍ക്കെന്ന് ഡോ. സഹദുള്ള ചൂണ്ടിക്കാട്ടി.

ഏറെക്കാലമായി കാത്തിരിക്കുന്നതാണ് വയോജന പരിരക്ഷയ്ക്കുവേണ്ടി 30 കോടി രൂപ നീക്കിവച്ചുകൊണ്ടുള്ള പ്രഖ്യാപനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വീടുകളില്‍ മരുന്ന് എത്തിക്കാനുള്ള കാരുണ്യ ഹോം പദ്ധതി ഏറെ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story