Times Kerala

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുത് – ഡി.എം.ഒ

 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുത് – ഡി.എം.ഒ

വയനാട്: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ദിവസേന 200 മുതൽ 250 വരെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലെ മറ്റു ജില്ലകളിൽ കേസുകളുടെ എണ്ണം കുറയുമ്പോഴും ജില്ലയിൽ കേസുകൾ വർധിക്കുകയാണ്. പൊതുജനങ്ങൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തതിനാലാണ് എണ്ണത്തിൽ വർധനവുണ്ടാകുന്നതെന്ന് ഡി.എം.ഒ പറഞ്ഞു.

60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മറ്റ് അസുഖങ്ങളും ഉള്ളവരിൽ രോഗബാധയുടെ ഗുരുതരാവസ്ഥ കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുടെ കോവിഡ് പരിശോധനയിൽ കൂടുതൽ പേരും പോസിറ്റീവായി മാറുന്നുണ്ട്. യുവാക്കളിലും രോഗബാധ ഗുരുതരാമാവാൻ സാധ്യത കൂടുതലാണ്. കോളനികളിലും രോഗബാധ നിരക്ക് വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ (ശരിയായ രീതിയിൽ മാസ്ക് ധരിക്കൽ, ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കൽ, മറ്റുള്ളവരിൽ നിന്ന് സാമൂഹ്യ അകലം പാലിക്കൽ) കർശനമായി പാലിക്കണമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

Related Topics

Share this story