മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. നാളെ ഉച്ചവരെയെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമേ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിക്കാനാകു. ഉച്ചയ്ക്ക് ശേഷമെത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയില്‍ ദേവസ്വം പ്രതിനിധികൾ സ്വീകരണമൊരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകളും ദർശനവും.
തീർഥാടക സാഗരം നിറയാറുള്ള സന്നിധാനത്ത് ഇക്കുറി ദർശനത്തിന് നിയന്ത്രിത ആളുകൾ മാത്രമെയുണ്ടാകു. വിരിവച്ച്, പർണശാല കെട്ടി വിളക്കിനും, മകരജ്യോതി ദർശനത്തിനുമായി കാത്തിരിക്കുന്ന തീർഥാടകർ ഇക്കുറിയുണ്ടാകില്ല. എങ്കിലും ചടങ്ങുകൾക്കോ, ഭക്തിക്കോ കുറവുണ്ടാകില്ല. പുല്ലുമേട്, പമ്പഹില്‍ട്ടോപ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ ഇടങ്ങളിൽ ഇത്തവണ മകരവിളക്ക് ദർശനാനുമതി ഇല്ല.
കോവിഡ് സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സന്നിധാനം. രാവിലെ 8.14നാണ് മകരസംക്രമപൂജ. വൈകീട്ട് ദേവസ്വം പ്രതിനിധികള്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കും. തുടർന്ന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധന പൂര്‍ത്തിയാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും, മകര ജ്യോതിയും തെളിയും.