ലണ്ടൻ: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം സംഭവിച്ച വൈറസ് 20 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച വൈറസിനെപ്പറ്റി 2020 ഡിസംബർ 14 നാണ് ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മറ്റ് വൈറസുകളെ അപേക്ഷിച്ച് രോഗവ്യാപനശേഷി കൂടുതലാണെന്നതാണ് ഈ വകഭേദത്തിന്റെ പ്രത്യേകത.
ദക്ഷിണാഫ്രിക്കയിൽ ഡിസംബർ 18 നാണ് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനത്തിൽ പുതിയ വൈറസ് അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണെന്നാണ് കണ്ടെത്തൽ. എന്നാൽ, തീവ്ര രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നതിന് തെളിവുകളില്ല. അതേസമയം, ഇത് രോഗികളുടെ എണ്ണം കൂട്ടുകയും ആരോഗ്യ പരിപാലന സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.