Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കേരള ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ജനുവരി 16നു മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

തിരുവനന്തപുരം;  കോവളത്തിനു സമീപം വെള്ളാറിൽ നിർമ്മിക്കുന്ന കേരള കലാ-കരകൗശലഗ്രത്തിന്റെ ആദ്യഘട്ടം ജനുവരി 16നു വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുമെന്ന് ടൂറിസം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്രാഫ്റ്റ് വില്ലേജിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കളരി അക്കാദമിയുടെ കോൺസെപ്റ്റ് പുസ്തകം കളരിപ്പയറ്റിലെ സംഭാവനകൾക്കു പദ്മശ്രീ ലഭിച്ച മീനാക്ഷിയമ്മയ്ക്കു നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ടൂറിസം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡോ: ശശി തരൂർ എം.പി.യും എം. വിൻസെന്റ് എം.എൽ.എ.യും മുഖ്യാതിഥികളാകും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. സാജൻ, വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്ടപാലൻ വി.എസ്. എന്നിവർ ആശംസ നേരും. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ ബാലകിരൺ റിപ്പോർട്ട് അവതരിപ്പിക്കും. വില്ലേജിന്റെ പുനർനിർമ്മാണവും നടത്തിപ്പും നിർവ്വഹിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി അതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കും. യു.എൽ.സി.സി.എസ്. എം.ഡി. എസ്. ഷാജു നന്ദി പറയും.

കരകൗശല-കൈത്തൊഴിൽ കലാകാരർക്കു തൊഴിൽ സൃഷ്ടിക്കാൻ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് ഇതെന്നു മന്ത്രി പറഞ്ഞു. ഉത്തരവാദടൂറിസം എന്ന നിലയിൽ തദ്ദേശിയ ജനതയ്ക്കും പലതരത്തിൽ പ്രയോജനം ചെയ്യത്തക്ക വിധത്തിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കാടുകയറി കന്നുകാലികളും സമൂഹ്യവിരുദ്ധരും കയ്യടക്കിയ സ്ഥലം ഈ നിലയിലേക്കു മാറ്റിയത് ഇപ്പോഴത്തെ സർക്കാരാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സർഗ്ഗാലയപോലെ ലോകനിലവാരത്തിലേക്കു വളർത്താൻ ഉദ്ദേശിച്ചാണ് ഇതിന്റെ ചുമതലയും ഊരാളുങ്കൽ സൊസൈറ്റിയെ ഈ സർക്കാർ ഏല്പിച്ചത്. ആദ്യഘട്ടത്തിനായി 20 കോടി രൂപയാണ് അവർ വിനിയോഗിച്ചിട്ടുള്ളത്.

രാജ്യത്തെ പ്രമുഖ ഇന്റീരിയർ ഡിസൈനർമാർ, ഫാഷൻ ഡിസൈനർമാർ, ആർക്കിടെക്ടുകൾ എന്നിവരെ സഹകരിപ്പിച്ചു വിപുലമായ വിപണനത്തിനുള്ള സ്ഥിരം വേദി ഒരുക്കുക, എല്ലാ ക്രാഫ്റ്റ് ഉത്പന്നങ്ങളും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യുക, ലിമിറ്റഡ് എഡിഷൻ പ്രോഡക്റ്റുകൾ വിപണിയിൽ എത്തിക്കുക തുടങ്ങിയ വിപണിവികസനപരിപാടികളും പദ്ധതിയുടെ ഭാഗമാണ്.

കരകൗശലമേഖലയ്ക്കു പുറമെ പരദേശികൾക്കു കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്താൻ തെയ്യം, കഥകളി, കോൽക്കളി, തിരുവാതിര, മാർഗ്ഗംകളി, പാവക്കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ കലകളും ഓഫ് സീസണുകളിൽ തദ്ദേശിയർക്കായി വിദേശകലാരൂപങ്ങളും അവതരിപ്പിക്കും. തുടക്കത്തിൽ ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധിദിവസങ്ങളിലും അവതരിപ്പിക്കുന്ന കലാപരിപാടികൾ പിന്നീട് എല്ലാദിവസവും എന്ന നിലയിലേക്കു വളർത്തും. അങ്ങനെ സജീവമായ സാംസ്‌കാരിക വിനിമയകേന്ദ്രം ആയി ഇവിടം മാറും. അതോടൊപ്പം മ്യൂസിക്, ഡാൻസ്, തീയേറ്റർ മേഖലകളിൽ പ്രഗത്ഭരെ പങ്കെടുപ്പിച്ചു ഹ്രസ്വകാല വർക്ക് ഷോപ്പുകളും ട്രെയിനിങ്ങുകളും ഗ്രാമം ഒരുക്കും. പെർഫോമിങ് ആർട്‌സിനു ട്രെയിനിങ് അക്കാദമിയും കളരി അക്കാദമിയും പരിപാടിയിലുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തിൽ ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, യു. എൽ. സി. സി. എസ് എം. ഡി എസ്. ഷാജു, ക്രാഫ്റ്റ് വില്ലേജ് സി. ഇ. ഒ ശ്രീപ്രകാശ്, സർഗാലയ സി. ഇ. ഒ പി. പി. ഭാസ്‌ക്കരൻ എന്നിവർ പങ്കെടുത്തു.

You might also like
Leave A Reply

Your email address will not be published.