ന്യൂഡൽഹി: പക്ഷിപ്പനി പടരുന്നതിനാൽ ഡൽഹിയിൽ വിവിധയിടങ്ങളിൽ ചിക്കൻ വിൽപ്പന നിരോധിച്ചു. കോഴി ഇറച്ചിയോ മുട്ട കൊണ്ടുള്ള വിഭവങ്ങളോ വിതരണം ചെയ്യരുതെന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി. മുൻസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ഇറച്ചി കോഴി വിതരണ യൂണിറ്റുകൾക്കും കോഴി സംഭരിക്കുന്ന യൂണിറ്റുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോഴി വിതരണം ചെയ്യരുതെന്ന് മുൻസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു.
നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇറച്ചി വിൽപ്പന നടത്തിയാൽ വിൽപ്പനക്കാരുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിലെ മയൂർ വിഹാർ, ദ്വാരക, സഞ്ജയ് തടാകം എന്നിവിടങ്ങളിലെ സാമ്പിളുകൾ പരിശോധന നടത്തിയപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രാജ്യത്ത് 10 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ തടാകങ്ങൾ, വളർത്തുപക്ഷി മാർക്കറ്റുകൾ, മൃഗശാലകൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും അതീവ ജാഗ്രത പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകി. രോഗം മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാൻ കനത്ത ജാഗ്രത പുലർത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.