വാഷിംഗ്ടൺ: കടൽ പശുവിന്റെ ദേഹത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരെഴുതി ക്രൂരത. ഫ്ലോറിഡയിലെ ഹോമോസാസ നദിയിൽ നിന്ന് കണ്ടെത്തിയ കടൽപ്പശുവിന്റെ ദേഹത്താണ് ട്രംപ് എന്ന് എഴുതിയിട്ടുള്ളത്. മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഈ ക്രൂരതയ്ക്ക് ഉത്തരവാദിയായവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5000 യുഎസ് ഡോളർ (3,65,670 രൂപ) നൽകുമെന്നും അധികൃതർ അറിയിച്ചു.
അമേരിക്കയിലെ സംരക്ഷിത മൃഗമാണ് കടൽപ്പശു. ഇവയെ വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും ശിക്ഷാർഹമാണ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം കഠിന തടവും അൻപതിനായിരം ഡോളർ പിഴയുമാണ് ശിക്ഷ. തൊലിപ്പുറത്തുള്ള ഒരു തരം പായൽ ഉപയോഗിച്ചാണ് ട്രംപ് എന്ന് എഴുതിയിട്ടുള്ളത്. ഫ്ലോറിഡയിലെ മത്സ്യ-വന്യജീവി വകുപ്പ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സെന്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റിയും ആവശ്യപ്പെട്ടു. കടൽപ്പശുക്കൾ ഫ്ലോറിഡയുടെ അനൗദ്യോഗിക ചിഹ്നമാണ്. 6300ഓളം കടൽപ്പശുക്കൾ ഫ്ലോറിഡയിൽ ഉണ്ടെന്നാണ് കണക്ക്.