Times Kerala

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് ആരംഭിച്ചു; മികച്ച ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് സാക്ഷ്യപത്രം

 
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് ആരംഭിച്ചു; മികച്ച ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് സാക്ഷ്യപത്രം

കാസര്‍ഗോഡ്: സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓഡിറ്റ് ആരംഭിച്ചു. ജില്ലയിലെ ഹരിത ഓഡിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന്‍ ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി എ, അസി.കോ ഓര്‍ഡിനേറ്റര്‍ പ്രേമരാജന്‍, പരിശോധക സംഘം കണ്‍വീനര്‍ സി വിജയന്‍, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, കെ കെ. രാഘവന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.അബൂബക്കര്‍, പി.എം. നന്ദകുമാര്‍, കെ.വി. ജിജു എന്നിവര്‍ സംബന്ധിച്ചു.

മികച്ച ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് സാക്ഷ്യപത്രം

അഞ്ച് അംഗങ്ങള്‍ അടങ്ങിയ ഹരിത ഓഡിറ്റ് സംഘം ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധനയിലൂടെ വിലയിരുത്തി സര്‍ട്ടിഫിക്കേഷന്‍ ചെയ്യും. ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് നിര്‍ദ്ദേശവും നല്‍കും. മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി ‘ഹരിത ഓഫീസ്’ സാക്ഷ്യപത്രവും അനുകരണീയ മാതൃക സൃഷ്ടിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അനുമോദനവും നല്‍കും.

22 ഇനങ്ങള്‍ അടങ്ങിയ പരിശോധനയില്‍ ആകെയുള്ള 100 മാര്‍ക്കില്‍ 90-100 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും, 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും, 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡും നല്‍കും. 70 നു താഴെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കില്ല. പകരം 15 ദിവസത്തെ സമയപരിധി നല്‍കി പുനഃ പരിശോധന നടത്തും.

എ ഗ്രേഡ് ലഭിക്കുന്ന ആദ്യ മൂന്ന് ഹരിത ഓഫീസുകള്‍ക്ക് പ്രോത്സാഹനമായി ജില്ലാ തലത്തില്‍ പുരസ്‌കാരം നല്‍കും. ഇതിന് പുറമേ ഗ്രാമ ബ്ലോക്ക് മുനിസിപ്പല്‍ തലങ്ങളിലെ ഓഫീസുകള്‍ക്ക് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവാര്‍ഡുകള്‍ നിശ്ചയിച്ച് വിതരണം ചെയ്യും

Related Topics

Share this story