Times Kerala

ചെങ്ങന്നൂരിൽ അർധരാത്രി കത്തികാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തു, സ്വർണാഭരണങ്ങളും കവർന്നു, അക്രമി എത്തിയത് മോഷ്ടിച്ച ബൈക്കിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

 
ചെങ്ങന്നൂരിൽ അർധരാത്രി  കത്തികാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തു, സ്വർണാഭരണങ്ങളും കവർന്നു, അക്രമി എത്തിയത് മോഷ്ടിച്ച ബൈക്കിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

ആലപ്പുഴ: ചെങ്ങന്നൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തു. വീഡിയോഗ്രാഫറായ യുവാവ് സഞ്ചരിച്ചിരുന്ന കാറാണ് തട്ടിയെടുത്തത്. യുവാവിന്റെ ആഭരണങ്ങളും മോഷ്ടാവ് കവർന്നു. അതേസമയം, കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തി. കായംകുളം വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാറാണ് ചെങ്ങന്നൂർ എൻജിനീയറിങ്ങ് കോളജിന് സമീപം അർധരാത്രി പന്ത്രണ്ടരയോടെ ബൈക്കിലെത്തിയ യുവാവ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. കോട്ടയം കിടങ്ങൂരിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ചങ്ങനാശേരി മുതൽ ബൈക്കിൽ ഒരാൾ കാറിനെ പിന്തുടർന്നിരുന്നതായി ശ്രീപതി പൊലീസിനോടു പറഞ്ഞു. ചെങ്ങന്നൂർ എൻജിനീയറിങ്ങ് കോളജ് ജംഗ്ഷൻ കഴിഞ്ഞപ്പോൾ ബൈക്ക് കാറിനു മുന്നിൽ നിർത്തി കാർ നിർത്താൻ ഇയാൾ ആവശ്യപ്പെട്ടു. വിവരം അന്വേഷിക്കുന്നതിന് ഗ്ലാസ് താഴ്ത്തിയപ്പോൾ കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി ഡ്രൈവറുടെ സീറ്റിൽ കയറി കാർ ഓടിച്ചു കൊണ്ടുപോയി. തുടർന്ന് തിരുവല്ലയ്ക്കടുത്ത് നിരണത്ത് എത്തിയപ്പോൾ ഇറക്കിവിട്ടു. ശ്രീപതിയുടെ മാലയും മോതിരവും മൊബൈൽ ഫോണും ക്യാമറയും പിടിച്ചു വാങ്ങിയിട്ടാണ് കാറിൽ നിന്ന് ഇറക്കിവിട്ടത്. 30 വയസോളം പ്രായം തോന്നിക്കുന്ന യുവാവാണ് കാർ തട്ടിയെടുത്തതെന്ന് ശ്രീപതി പോലീസിനോട് പറഞ്ഞു. കാറിൽ നിന്ന് ക്യാമറയും മൊബെൽ ഫോണും കണ്ടെടുത്തു. അതേസമയം, അക്രമി എത്തിയ ബൈക്ക് കുട്ടനാട് രാമങ്കരിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബൈക്ക് മോഷണം സംബന്ധിച്ച് രാമങ്കരി പൊലീസ് സ്റ്റേഷനിൽ പരാതി നിലവിലുണ്ട്. പ്രതിയെപ്പറ്റി ചില സൂചനകൾ പൊലീസിന് ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിയുന്നതിന് എം.സി റോഡിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

Related Topics

Share this story