Times Kerala

കോൺഗ്രസ് പ്രസിഡന്റായി എ കെ ആന്റണിക്ക് സാധ്യത : കോൺഗ്രസിൽ സമഗ്ര അഴിച്ചുപണി

 
കോൺഗ്രസ് പ്രസിഡന്റായി എ കെ ആന്റണിക്ക് സാധ്യത : കോൺഗ്രസിൽ സമഗ്ര അഴിച്ചുപണി

ഡൽഹി : കോൺഗ്രസ് അധ്യക്ഷനായി എ കെ ആന്റണി വരാൻ സാധ്യത . കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരില്ല എന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ് . ഇതിനകം പല മുതിർന്ന നേതാക്കളുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും ആന്റണിയുടെ പേരിനാണ് മുൻ‌തൂക്കം . സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയാണ്. പ്രിയങ്ക ഗാന്ധിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും.
പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി ഉണ്ടാകില്ലെന്ന യാഥാര്‍ഥ്യത്തിലേക്ക് എത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വവും അണികളും കുഴങ്ങുകയാണ് . താന്‍ പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാകുമെന്നും എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് ഇല്ല എന്നുമാണ് ആവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്‍റെ നിലപാട്. തോല്‍വിയുടെ ആഘാതത്തില്‍ അങ്ങനെയൊരു മാറ്റം ആവശ്യമെന്ന് രാഹുല്‍ കരുതുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരു നേതാവ് ആ സ്ഥാനത്തേക്ക് വരട്ടെയെന്നത് ഇപ്പോള്‍ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെയും നിലപാടന്നറിയുന്നു.

അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ രാഹുലിനെ പ്രേരിപ്പിച്ച നിലപാടുകള്‍ പലതാണ് . ഈ തിരഞ്ഞെടുപ്പില്‍ താന്‍ ഓടി നടന്ന് പണിയെടുത്തു. ഉറക്കമില്ലാതെ കഠിനാധ്വാനം ചെയ്തു. പക്ഷേ ഗ്രൂപ്പുകളികള്‍ എല്ലാം തുലച്ചു. രാജസ്ഥാനില്‍ അശോക് ഗെഹ്‌‌ലോട്ടും സച്ചിന്‍ പൈലറ്റും അടക്കമുള്ളവര്‍ വരെ പരസ്പരം കാലുവാരി. എങ്ങനെയും എണ്‍പത് സീറ്റുകളില്‍ എങ്കിലും എത്താനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം സ്വന്തം ഉത്തരവാദിത്തം എന്ന രീതിയിലാണ്. ഈ രീതി നല്ലതല്ല. കൂട്ടായ ഉത്തരവാദിത്തം ഉണ്ടാവണം. ഇതൊരു പാര്‍ട്ടിയാണ്. എല്ലാം ഗാന്ധി കുടുംബത്തിന്റെ തലയില്‍ എന്ന മട്ടില്‍ മറ്റു നേതാക്കള്‍ ഒഴിഞ്ഞു മാറുകയാണ്. ഒരു പക്ഷെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടർന്നാലും ഒരു വർക്കിങ് പ്രെസിഡന്റിനേയോ വൈസ് പ്രെസിഡന്റിനേയോ വയ്ക്കാൻ സാധ്യതയുണ്ട് . ഈ സ്ഥാനത്തേക്കും എ കെ ആന്റണി വരാനാണ് സാധ്യത .

Related Topics

Share this story