Times Kerala

കേരള മാതൃക പിന്തുടരാന്‍ മധ്യപ്രദേശും; ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ കേരളവുമായി ധാരണാപത്രം

 
കേരള മാതൃക പിന്തുടരാന്‍ മധ്യപ്രദേശും;  ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ കേരളവുമായി ധാരണാപത്രം

തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശ് തീരുമാനിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് മധ്യപ്രദേശില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം തിരുവനന്തപുരത്ത് ഈ മാസം 13ന് നടക്കുന്ന ചടങ്ങില്‍ കൈമാറും.

ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നേരിട്ട് കണ്ട് പഠിക്കാനും ധാരണാപത്രം കൈമാറുന്നതിനുമായി മധ്യപ്രദേശ് ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം ജനുവരി പന്ത്രണ്ട് മുതല്‍ ഏഴ് ദിവസം കേരളത്തില്‍ പര്യടനം നടത്തും.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരള മാതൃക പല സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെങ്കിലും ധാരണാപത്രം ഒപ്പിടുന്നത് ഇതാദ്യമാണ്. മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ എന്നിവരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. മധ്യപ്രദേശ് സംഘത്തിന്‍റെ സന്ദര്‍ശനത്തിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘവും മധ്യപ്രദേശ് സന്ദര്‍ശിക്കുന്നുണ്ട്.

പ്രാദേശിക ജനതയെക്കൂടി വികസനധാരയിലേക്കെത്തിക്കാന്‍ കേരളം തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങളും അനുകരിക്കുന്നത് ആഹ്ലാദകരമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മധ്യപ്രദേശിനെക്കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനൊപ്പം കേരളത്തിലെ സാമൂഹ്യവികസന മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

20,000 യൂണിറ്റുകളിലൂടെ 1,09,000 ഗുണഭോക്താക്കളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. 38 കോടി രൂപയുടെ വരുമാനമാണ് ടൂറിസം മേഖലയില്‍ നിന്നും ഈ പദ്ധതി വഴി പ്രാദേശിക ജനതയ്ക്ക് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കുന്നത് കേരളത്തിനു മുന്നില്‍ വലിയ അവസരമാണ് തുറക്കുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ പറഞ്ഞു. വളരെ പ്രൊഫഷണലായ കണ്‍സല്‍ട്ടന്‍സി സേവനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന് നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. കോട്ടയം ജില്ലയിലെ കുമരകം ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ച ഈ പദ്ധതി 2017 ല്‍ സംസ്ഥാന മിഷനായി. മൂന്നു വര്‍ഷത്തിനുള്ളില്‍ 2020 ലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യൂ ടി എം) അവാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാരങ്ങളാണ് ഉത്തരവാദിത്ത ടൂറിസത്തെ തേടിയെത്തിയത്.

പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും അതു വഴി ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്‍ഡ് എംപവര്‍മന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) പദ്ധതി വഴി സംസ്ഥാന വ്യാപകമായി വിജയകരമായി നടപ്പാക്കി വരുന്നു. ടൂറിസം വ്യവസായത്തിനു വേണ്ട സേവനങ്ങള്‍ പ്രാദേശികമായി നല്‍കുന്നതാണ് പദ്ധതിയുടെ കാതല്‍. ഗ്രാമീണജീവിതം അനുഭവവേദ്യമാക്കുക, ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുക തുടങ്ങിയവ ഇതില്‍ പെടും.

ധാരണാപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ മധ്യപ്രദേശില്‍ നടപ്പാക്കേണ്ടത്. കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ മധ്യപ്രദേശിനനുയോജ്യമായ നിലയില്‍ നടപ്പാക്കുക, ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ സഹായം, പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മനുഷ്യവിഭവ ശേഷി തയ്യാറാക്കല്‍, പരിശീലന പരിപാടികള്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലെ മാനദണ്ഡങ്ങള്‍, സുസ്ഥിര ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടെ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ തേടല്‍, സാമൂഹ്യവും പാരിസ്ഥിതികവുമായ സുരക്ഷാമാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുടെ തരം തിരിക്കലില്‍ സഹായം, ടൂറിസം ക്ലബുകളുടെ രൂപീകരണം, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ കേരള മാതൃക നടപ്പാക്കല്‍, അതത് ടൂറിസം കേന്ദ്രങ്ങളിലെ മനുഷ്യവിഭവ ശേഷി കണ്ടെത്തല്‍, പ്രാദേശികമായ കരകൗശല വിദ്യകള്‍ കണ്ടെത്തുകയും അവ സ്മരണികകളുടെ രൂപത്തില്‍ വിപണനം ചെയ്യുന്ന കേരള മാതൃക നടപ്പാക്കല്‍, ആഘോഷ വേളകളില്‍ ടൂറിസം പാക്കേജ് നടപ്പാക്കുക, ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷാപഠനവും ഓഡിറ്റും, സാമൂഹ്യടൂറിസം പദ്ധതിയിലെ ജീവനക്കാരുടെ പരിശീലനം, ടൂറിസം കേന്ദ്രങ്ങളിലെ പെരുമാറ്റ മാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍ തുടങ്ങിയവയാണ് ചുമതലകള്‍.

Related Topics

Share this story