Times Kerala

ജ്വാല ജി ക്ഷേത്രത്തിലെ നിലക്കാത്ത നാളങ്ങൾ

 
ജ്വാല ജി ക്ഷേത്രത്തിലെ നിലക്കാത്ത നാളങ്ങൾ

മഹാഭാരതത്തിൽ പ്രതിപാദിക്കുന്ന വർഷങ്ങളോളം പഴക്കമുള്ള ക്ഷേത്രമാണ്, ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ ജ്വാലാമുഖി ടൗണിലുള്ള ജ്വാല ജി ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങളെപ്പോലെ വിഗ്രഹമോ ദൈവരൂപമോ ഇവിടെ കാണാൻ കഴിയില്ല. പകരം പാറയുടെയിടയിൽ നിന്ന് വരുന്ന, നിലക്കാതെ എരിയുന്ന നീലനിറത്തിലുള്ള നാളങ്ങളാണ് കാണാൻ സാധിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഈ പ്രതിഭാസം ക്ഷേത്രത്തിന്റെ പലയിടങ്ങളിലായി കാണാൻ സാധിക്കും. പ്രകൃതിവാതക സംഭരണികളൊന്നും തന്നെ ആ പരിസരത്തു ഉള്ളതായി അറിവില്ല. അക്ബർ ചക്രവർത്തിയുടെ ഭരണകാലത്തു, വെള്ളവും ലോഹ അടപ്പുകളും ഉപയോഗിച്ച് ഈ ജ്വാല അണക്കാനായി പലവട്ടം ശ്രമിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഈ പ്രദേശത്തു നിലവിലുള്ള ഐതിഹ്യമിങ്ങനെയാണ്- പരമശിവനെ തന്റെ പിതാവ് അപമാനിച്ചതിൻറെ പേരിൽ സതീദേവി ആത്മാഹുതി ചെയ്യുകയുണ്ടായി. ഇതിൽ കോപാകുലനായ ശിവഭഗവാൻ, സതീദേവിയുടെ എരിഞ്ഞ ദേഹവുമെടുത്ത് രുദ്രതാണ്ഡവം ചെയ്തു. ഈ സമയം, സതീദേവിയുടെ ശരീരഭാഗങ്ങൾ, ഭൂമിയിൽ പലയിടങ്ങളിൽ വന്നു പതിച്ചു. അപ്രകാരം ദേവിയുടെ നാവ് വന്നു പതിച്ച ഇടമാണ് ജ്വാലാ ജി ക്ഷേത്രം. എന്നാൽ, ശാസ്ത്രജ്ഞരുടെ ഊഹമനുസരിച്ച്, ക്ഷേത്രഭൂമിയുടെ അടിയിലുറങ്ങിക്കിടക്കുന്ന അഗ്നിപർവ്വതത്തിൽ നിന്നുമുള്ള വാതകങ്ങളാവാം ഈയൊരു അപൂർവ്വ പ്രതിഭാസത്തിനു കാരണം എന്നാണ് കരുതപ്പെടുന്നത്.

Related Topics

Share this story