Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മീനിന്റെ അവശിഷ്ടം കഴിച്ച പൂച്ചയുടെ കാഴ്ച പോയി; ഒടുവിൽ കുഴഞ്ഞു വീണ് ചത്തു

കോട്ടയം: വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളർത്തു പൂച്ചകൾ കുഴഞ്ഞു വീണു. ചികിത്സ നൽകിയെങ്കിലും ഒരെണ്ണം ചത്തു. മറ്റു പൂച്ചകൾ അവശനിലയിൽ. ചങ്ങനാശേരി മാടപ്പള്ളി സ്വദേശി അനിൽ കുമാറിന്റെ വീട്ടിലെ 2 പൂച്ചകളും സമീപവാസിയുടെ ഒരു പൂച്ചയുമാണു മീനിന്റെ അവശിഷ്ടം തിന്നതിനു പിന്നാലെ കുഴഞ്ഞു വീണത്. ഇതിൽ അനിൽ ‌കുമാറിന്റെ വീട്ടിലെ ഒരു പൂച്ചയാണു ചത്തത്. 2 ആഴ്ച മുൻപായിരുന്നു സംഭവം.

വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം പതിവു പോലെ പൂച്ചകൾക്കു നൽകിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഇവ പിടഞ്ഞു വീഴുകയായിരുന്നു എന്നു അനിൽ പറയുന്നു. പെരുന്നയിലെ മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം പൂച്ചകളിൽ ഒരെണ്ണം ചത്തു. രണ്ടാമത്തെ പൂച്ച ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വിധത്തിൽ അവശനിലയിൽ തുടരുകയാണ്.

ഈ സംഭവം ഉണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോഴാണു സമീപവാസിയുടെ വീട്ടിലും സമാനമായ അനുഭവം ഉണ്ടായത്. ഇവിടെയും മീനിന്റെ അവശിഷ്ടം തിന്ന പൂച്ച കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനെയും പെരുന്ന മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. മീൻ കഴിച്ച വീട്ടുകാർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ചത്ത പൂച്ചയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. തലച്ചോറിനും പ്രശ്നമുണ്ടായിരുന്നു. കൈകാലുകളുടെ വിരലുകൾക്കിടയിലൂടെയും കണ്ണ്, മൂക്ക്, വായ എന്നിവയ്ക്കു ചുറ്റും കറുത്ത നിറത്തിലുള്ള പദാർഥം പുറത്തേക്കു വരുന്ന നിലയിലായിരുന്നു.

You might also like
Leave A Reply

Your email address will not be published.