Times Kerala

സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്…… തേങ്ങാക്കൊലയാണ്; നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

 
സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്…… തേങ്ങാക്കൊലയാണ്; നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വീഡിയോ ദൃശ്യം പുറത്ത് വന്നത്, വർക്കലയിൽ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന യുവാവിന്റെ വീഡിയോദൃശ്യങ്ങളായിരുന്നു അത്. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ചു  ഡോ നെല്‍സണ്‍ ജോസഫ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആ കുറിപ്പിന് കീഴില്‍ വന്ന കമന്റുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നെല്‍സസണ്‍. ഫേസ്ബുക്കിലൂടെ തന്നെയാണ് നെല്‍സണ്‍ന്റെ പ്രതികരണം.

നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്,

അമ്മയെ ക്രൂരമായി ആക്രമിക്കുന്നവനെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ കണ്ടിരുന്നു. അതിനു താഴെ കണ്ട ഒരു കമന്റാണ് ‘ അതാണ് അമ്മ മക്കള്‍ എന്ത് ചെയ്താലും ക്ഷമിക്കുന്ന അമ്മ ‘. അതേ ലൈനിലുള്ള കമന്റുകള്‍ പലയിടങ്ങളിലും കണ്ടിരുന്നു. ചിലയിടത്ത് ഒരു പടികൂടി കടന്ന് ‘ ഇതാണ് യഥാര്‍ഥ അമ്മ ‘ എന്ന് വരെയൊക്കെ എത്തിച്ചതും കണ്ടു. ഒവ്വ…അതും പറഞ്ഞോണ്ട് അവിടെയിരുന്നോണ്ടാ മതി. എന്ത് തോന്ന്യാസം കാണിച്ചാലും മോനേ എന്ന് വിളിച്ചോണ്ടിരിക്കുന്നതാണ് ‘ സ്‌നേഹം ‘ എന്ന് നിങ്ങളോടൊക്കെ ആരാണ് പറഞ്ഞത്?

ആദ്യം നിര്‍ത്തേണ്ടത് ഈ ഗ്ലോറിഫിക്കേഷനാണ്.

സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്…… തേങ്ങാക്കൊലയാണ്. ഭൂമിയോളം ക്ഷമയാണെന്നൊക്കെ പറഞ്ഞ് ട്രെയിന്‍ ചെയ്‌തെടുത്താല്‍ പിന്നെ ചവിട്ടിയാലും പ്രതികരിക്കില്ലല്ലോ അല്ലേ? പ്രതികരിക്കുന്നവരൊക്കെ ‘ യഥാര്‍ഥ അമ്മ ‘ അല്ല എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും ആളുണ്ടാവും. എന്റെ വീട്ടിലോ മറ്റോ ആയിരിക്കണം. എന്ത് തോന്ന്യവാസം കാണിച്ചിട്ടും വീട്ടിലേക്ക് കയറിച്ചെല്ലാം എന്ന് ഒരു മിഥ്യാധാരണയുമില്ല. ചെയ്തത് തെറ്റാണെങ്കില്‍ അമ്മയും അപ്പനും ഒപ്പം നില്‍ക്കില്ലെന്ന് നല്ല ഉറപ്പുണ്ട്. ഏറ്റവും കുറഞ്ഞത് പ്രതീക്ഷിക്കാവുന്നത് നല്ല കവളമടല് വെട്ടി അടിയാണ്..

തെറ്റ് ചെയ്താല്‍ തിരുത്താനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്. തല്ലി പതം വരുത്തലാണ് തിരുത്ത് എന്നല്ല ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. തല്ല് കൊണ്ടയാളെ കുറ്റപ്പെടുത്തുകയാണെന്നും കരുതരുണ്ട്. കഥയിലെ അവരുടെ ഭാഗം എന്താണെന്ന് അറിയാത്തതുകൊണ്ട് വിധിക്കാന്‍ നില്‍ക്കുന്നില്ല…താല്പര്യമില്ല. പക്ഷേ ‘ അതാണ് അമ്മ ‘ എന്ന പേരിലുള്ള ഗ്ലോറിഫിക്കേഷനുകള്‍ നടത്തി പ്രതികരിക്കുന്ന, പ്രതികരിക്കാന്‍ ആഗ്രഹിക്കുന്ന അമ്മമാരെ മൊത്തം ആ ഗ്ലോറിഫിക്കേഷനില്‍ തളച്ചിടുന്നതിനോട് ഒരു യോജിപ്പുമില്ല. അമ്മയും ഒരു വ്യക്തിയാണ്. തല്ലിയാല്‍ നോവുന്ന, ആത്മാഭിമാനമുള്ള, ദുഖവും സന്തോഷവുമൊക്കെയുള്ള വ്യക്തി. ദേവിയല്ല.

Related Topics

Share this story