Times Kerala

മേഘങ്ങൾക്കിടയിൽ നിന്നൊരു ഫോട്ടോഷൂട്ട്.!

 
മേഘങ്ങൾക്കിടയിൽ നിന്നൊരു ഫോട്ടോഷൂട്ട്.!

ഏറ്റവും നല്ല ബാക്ക്ഗ്രൗണ്ടിൽ നിന്ന് ഫോട്ടോ എടുക്കാൻ നമുക്കെല്ലാവർക്കും ആഗ്രഹമില്ലേ ? വെളുവെളുത്ത മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നായാലോ? ബൊളീവിയയിലെ ഉയുണിയിൽ മരുഭൂമിയോട് ചേർന്ന് നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ ഉപ്പുപാടങ്ങളിൽ ഇത് സാധ്യമാണ്. ഉപ്പും മറ്റു ലവണങ്ങളും കൊണ്ട് മൂടിയ ലോകത്തിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശമാണിവിടം. കനത്ത മഴയെത്തുടർന്ന് ഉപരിതലത്തിൽ രൂപപ്പെടുന്ന വെള്ളത്തിന്റെ നേർത്ത പാട ഒരു കണ്ണാടി കണക്കെ, സൂര്യവെളിച്ചമേൽക്കുമ്പോൾ പ്രതിഫലിക്കുന്നു.ഈ പ്രതിഭാസം കണ്ണഞ്ചിപ്പിക്കുന്ന ഒരത്യുഗ്രൻ കാഴ്ചയാണ് ഇത് നമുക്ക് സമ്മാനിക്കുന്നത്. ഈയൊരു സമയത്താണ് സഞ്ചാരികൾ, പ്രത്യേകിച്ച് ഫോട്ടോഗ്രാഫേഴ്സ് ഇവിടേക്കെത്തുന്നത്. കൃത്യമായിപ്പറഞ്ഞാൽ ജനുവരി മുതൽ മാർച്ച് വരെ. 10,000 km square ആണ് ഇതിന്റെ വിസ്തൃതി. 10 m കനത്തിൽ ലവണങ്ങളാൽ നിറഞ്ഞ ഈ പ്രതലങ്ങൾ പ്രകൃത്യാൽ രൂപപ്പെട്ടതാണ്. സമുദ്രനിരപ്പിൽ നിന്നും 11,995 m ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബൊളീവിയയിലെ ലാ പാസിൽ നിന്നും എട്ടു മണിക്കൂർ അകലെ തെക്കായാണ് ഈ അപൂർവ കാഴ്ചയുള്ളത്. മൂന്നോ നാലോ ദിവസത്തെ തെക്കുപടിഞ്ഞാറൻ ബൊളീവിയൻ ടൂറിന്റെ ഭാഗമായാണ് സഞ്ചാരികൾ ഇവിടേക്കെത്താറുള്ളത്.

Related Topics

Share this story