Times Kerala

ഒഴിവു ദിനം മുതലാക്കി തണ്ണീർതടങ്ങൾ ഉൾപ്പെടുന്ന പാടശേഖരങ്ങൾ നികത്താൻ പദ്ധതി തയ്യാറാക്കി ഭൂമാഫിയ

 
ഒഴിവു ദിനം മുതലാക്കി തണ്ണീർതടങ്ങൾ ഉൾപ്പെടുന്ന പാടശേഖരങ്ങൾ നികത്താൻ പദ്ധതി തയ്യാറാക്കി ഭൂമാഫിയ

എടക്കര: വഴിക്കടവിൽ തണ്ണീർതടങ്ങൾ ഉൾപ്പെടുന്ന പാടശേഖരങ്ങൾ നികത്താൻ പദ്ധതി തയ്യാറാക്കി ഭൂമാഫിയ. ഒഴിവു ദിനം മുതലാക്കി സംഘം മേഖലയിൽ വ്യാപകമായ മണ്ണടി തുടരുന്നതിനിടെ അധികാരികൾ മൗനം പാലിക്കുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ടവർക്കായി നിർമിക്കുന്ന വീടുകളുടെ മറപിടിച്ചാണ് മണ്ണടിയും പാടം നികത്തലും നിർബാധം തുടരുന്നത്.

വഴിക്കടവ് പഞ്ചായത്തിലെ മണി മൂളി പാടശേഖര കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പാടശേഖരമായ കീർത്തിപ്പാടം ആണ് ഇതിനകം ഭൂമാഫിയ നികത്താൻ ലക്ഷ്യം വക്കുന്നത്. സമീപത്തെ നിർധന കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് പാസായതോടെയാണ് പാടം നികത്താൻ പദ്ധതി തയ്യാറാക്കിയത്. തുടർന്ന് ലൈഫ് വീടിന് മണ്ണിടിക്കുന്നു എന്ന വ്യാജേനെയാണ് ആദ്യ പടിയായി റോഡ് നിർമാണം നടത്തുന്നത്. ഇതിനായി കരിങ്കൽ ബോളറുകൾ നിറച്ച ലോഡുമായി നിരവധി വാഹനങ്ങളാണെത്തിയത്. ജെ സി ബി യുടെ സഹായത്തോടെ ഒറ്റദിനം കൊണ്ട് റോഡായി. മൂന്ന് പൂവൽ കൃഷിയിറക്കാൻ കഴിയുന്ന ഹെക്ടടർ കണക്കിന് പാടമാണിവിടെയുളളത്. നിസാര വിലക്ക് ഇവ കൈക്കലാാക്കി റോഡു നിർമിക്കലാണ് ആദ്യ പടി. തുടർന്ന് 5 സെന്റ് ഭൂമി വേണ്ടവരെ കണ്ടെത്തി വില്പന നടത്തും. ഇതിനകം മണ്ണ് അടിച്ച് സ്ഥലം തിരിക്കും.ഇത്തരത്തിൽ പാടശേഖരം മാസങ്ങൾക്കകം കരവിഴുങ്ങുന്നതാണിവരുടെ രീതി. ഇതേ മാതൃകയിൽ എടക്കരയിലും ചുങ്കത്തറയിലും പാടശേഖരങ്ങൾ നികത്തിയെടുത്തതും ഭൂമാഫിയക്ക് നേട്ടമായി. കീർത്തി പാടം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്നാണിവരുടെ വാദം. എന്നാൽ ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലമാണോ എന്നു് ഓഫീസിലെത്തി പരിശോധിച്ചാലെ അറിയാനാകൂ എന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന മറുപടി.ഇതിനിടെ പ്രദേശത്തെ 9.75 ഏക്കർ പാടശേഖം ഡാറ്റാ ബാങ്കിൽ പെട്ടതാണെന്നു് മണി മൂളി പാടശേഖര കമ്മിറ്റി പറയുന്നു.

Related Topics

Share this story