കൊച്ചി: കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങിന് എറണാകുളം ജില്ലയില്‍ തുടക്കം. 9361 പേരാണ് ആദ്യ പട്ടികയില്‍ ഉള്ളത്. സ്പെഷ്യല്‍ പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ് എന്നിവരടങ്ങിയ സംഘമാണ് വോട്ടറുടെ അരികിലെത്തി ബാലറ്റുകള്‍ ഉള്‍പ്പെടെ കൈമാറുന്നത്. രേഖപ്പെടുത്തിയ വോട്ടുകള്‍ ഒരു കവറിലും ആവശ്യമായ രേഖകള്‍ മറ്റൊരു കവറിലുമിട്ട് ഒട്ടിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പോസ്റ്റല്‍ വോട്ടിങ്ങിനായി മാസ്ക് ധരിച്ച് വേണം വോട്ടര്‍മാര്‍ ഉദ്യോഗസ്ഥരുടെ അടുത്തെത്താന്‍. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷമാണ് വോട്ട് രേഖപ്പെടുത്തേണ്ടതും കൈമാറേണ്ടതും. പ്രത്യേകം തയാറാക്കി ഡബിള്‍ ചേംബര്‍ വാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യുന്നത്.
പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും ഒരുപോലെ ആശങ്കയും കൗതുകവും സമ്മാനിക്കുന്നതാണ് സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്. ദിവസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കൊടുവിലാണ് കോവിഡ് കാലത്തെ സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങിനായി ഈ ഉദ്യോഗസ്ഥര്‍ പല ടീമുകളായി ഇറങ്ങുന്നത്. പി.പി.ഇ ധരിച്ചുള്ള യാത്രതന്നെയായിരുന്നു ഇതില്‍ ഏറ്റവും ബുദ്ധിമുട്ട്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യ ദിനം പോളിങ് ഉദ്യോഗസ്ഥരെത്തിയത്.
കോവിഡ് രോഗികളുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം മേഖലകൾ തിരിച്ചാണ് സ്പെഷ്യല്‍ പോസ്റ്റൽ വോട്ടിങ് നടപ്പാക്കുന്നത്. ജില്ലയില്‍ തയാറാക്കിയ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റിലെ 9361 പേരില്‍ 3622 പേര് കോവിഡ് സ്ഥിരീകരിച്ചവരും 5739 പേര് നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിക്കില്ല. ഡിസംബര്‍ 9ന് വൈകി്ട്ട് മൂന്ന് മണി വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് ആയിരിക്കും അനുവദിക്കുക.
Comments are closed.