Times Kerala

കൊച്ചിയില്‍ റോഡരികിൽ കഞ്ചാവ് കൃഷി; ആരും കാണാതിരിക്കാന്‍ ചുറ്റും ജമന്തി ചെടികള്‍.!!

 
കൊച്ചിയില്‍ റോഡരികിൽ കഞ്ചാവ് കൃഷി; ആരും കാണാതിരിക്കാന്‍ ചുറ്റും ജമന്തി ചെടികള്‍.!!

എറണാകുളം: കൊച്ചിയില്‍ റോഡരികിൽ കഞ്ചാവ് കൃഷി. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളിലാണ് വഴിവക്കില്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസത്തിടെ അഞ്ചിലേറെ സ്ഥലങ്ങളിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസാണ് ഇതു സംബന്ധിച്ച വിവരം നല്‍കിയത്. സംശം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞതോടെയാണ് എക്സൈസ് തെരച്ചില്‍ നടത്തിയത്. ഈ പരിശോധനയിൽ ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ടു ചെടികള്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് ജമന്തി അടക്കമുള്ള മറ്റു ചെടികളും ഉണ്ടായിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര പെട്ടെന്ന് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല.

നേരത്തെ, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികളും, തിരുവാങ്കുളം പ്രദേശത്ത് റോഡരികില്‍ നിന്ന് ഏഴു ചെടികളും കണ്ടെത്തി നശിപ്പിച്ചിരുന്നു. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പ്രദേശത്ത് തന്നെയുള്ള കഞ്ചാവ് വില്പന സംഘങ്ങൾ തന്നെയാണ് വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story