Times Kerala

ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ ആമുഖ സമ്മേളനം നാലിന്; ഡോ. ഹര്‍ഷവര്‍ധന്‍ പങ്കെടുക്കും

 
ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ ആമുഖ സമ്മേളനം നാലിന്; ഡോ. ഹര്‍ഷവര്‍ധന്‍ പങ്കെടുക്കും

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ആതിഥ്യം വഹിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്‍റെ (ഐഐഎസ്എഫ്) ആമുഖ സമ്മേളനം നാലിന് വെള്ളിയാഴ്ച നടക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഓണ്‍ലൈനിലൂടെ ആമുഖ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

സ്വയംപര്യാപ്ത ഇന്ത്യയ്ക്കും ലോക ക്ഷേമത്തിനും ശാസ്ത്രം എന്നതാണ് ആത്മനിര്‍ഭര്‍ പദ്ധതിയിലൂന്നിയ ഐഐഎസ്എഫ് 2020 ന്‍റെ പ്രമേയം.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, ഭൗമശാസ്ത്ര വകുപ്പ്, ബയോടെക്നോളജി വകു പ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വിജ്ഞാനഭാരതി എന്നിവയുടെ സഹകരണത്തോടെ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആമുഖ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ https://attendee.gotowebinar.com/register/3475312575160190991 എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഐഐഎസ്എഫിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ആമുഖ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ്, ജോയിന്‍റ് സെക്രട്ടറി ചന്ദ്ര പ്രകാശ് ഗോയല്‍, വിജ്ഞാന്‍ ഭാരതി ദേശീയ സംയോജകന്‍ ജയന്ത് സഹസ്രബുദ്ധെ, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ എന്നിവര്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മുതല്‍ 4 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതികപ്രവര്‍ത്തകര്‍, വ്യവസായികള്‍, നൂതനാശയദാതാക്കള്‍, സംരംഭകര്‍, കലാകാരന്‍മാര്‍, കര്‍ഷകര്‍, ആരോഗ്യ വിദഗ്ധര്‍, നയകര്‍ത്താക്കള്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഐഐഎസ്എഫില്‍ പങ്കെടുക്കും.

ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. ശേഖര്‍ സി മാന്‍ഡെയാണ് ഐഐഎസ്എഫിന്‍റെ സ്റ്റിയറിംഗ് സമിതി ചെയര്‍മാന്‍. ആയുഷ്, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം, ഗ്രാമവികസനം, വാര്‍ത്താ വിതരണം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി തുടങ്ങിയ മന്ത്രാലയങ്ങളും ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, ഡിഎഇ, എഐസിടിഇ, ഐസിഎആര്‍ എന്നീ സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

ശാസ്ത്ര ഗവേഷണങ്ങള്‍ സമൂഹത്തിന് ഗുണകരമാകുന്നതിനും അതു വഴി സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഐഐഎസ്എഫ് സംഘടിപ്പിച്ചു വരുന്നത്. യുവാക്കളും കുട്ടികളുമടങ്ങുന്ന പൊതു സമൂഹത്തില്‍ ശാസ്ത്രത്തിന്‍റെ അഭിരുചി വളര്‍ത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ശാസ്ത്രാവബോധം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി 9 വിഭാഗങ്ങളിലായി 41 സെഷനുകളാണ് ഐഐഎസ്എഫില്‍. ശാസ്ത്രവും ബഹുജനങ്ങളും, ശാസ്ത്രപഠനം വിദ്യാര്‍ത്ഥികളില്‍, സമഗ്രവികസനം, മാനവിക വിഷയങ്ങളും ശാസ്ത്രവും, പുതിയ അതിര്‍ത്തികള്‍, വ്യവസായവും ചെറുകിട-ഇടത്തരം സംരംഭങ്ങളും, ദേശീയവും അന്തര്‍ദേശീയവുമായ ബന്ധങ്ങള്‍, സുസ്ഥിര വികസനം എന്നിവയാണ് പ്രധാന വിഷയങ്ങള്‍.

Related Topics

Share this story