കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സർക്കാരും. ഡൽഹിക്ക് പിന്നാലെയാണ് ഗുജറാത്തും പരിശോധനാ നിരക്ക് കുറച്ചത്. 800 രൂപയാണ് പുതിയ നിരക്ക്. നേരത്തെ 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്.
കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തിൽ ഇടപെടില്ലെന്ന് ഐസിഎംആർ നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും ഐസിഎംആർ വ്യക്തമാക്കിയിരുന്നു.
നിരക്ക് കുറച്ച വിവരം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻഭായ് പട്ടേലാണ് പ്രഖ്യാപിച്ചത്. രോഗികളുടെ ആവശ്യപ്രകാരം വീട്ടിലെത്തി പരിശോധന നടത്തണമെങ്കിൽ 1,100 രൂപ ഈടാക്കും. പുതുക്കി നിശ്ചയിച്ച നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലായി .
Comments are closed.