Times Kerala

ലക്ഷ്മി വിലാസ് ബാങ്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങള്‍ തുടരും: ഡിബിഎസ് ബാങ്ക്

 
ലക്ഷ്മി വിലാസ് ബാങ്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങള്‍ തുടരും: ഡിബിഎസ് ബാങ്ക്

കൊച്ചി: ലക്ഷ്മി വിലാസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിങ് സേവനങ്ങളും ഉപയോഗിക്കുന്നതു തുടരാനാവും. പഴയ ലക്ഷ്മി വിലാസ് ബാങ്ക് നല്കിയിരുന്ന പലിശ നിരക്കായിരിക്കും എസ്ബി അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബാധകം. ലക്ഷ്മി വിലാസ് ബാങ്കിന്റെ എല്ലാ ജീവനക്കാരും നേരത്തെയുള്ള അതേ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ജീവനക്കാരായി തുടരും.

ലക്ഷ്മി വിലാസ് ബാങ്കിന്റെ സംവിധാനങ്ങളും ശൃംഖലയും വരും മാസങ്ങളില്‍ ഡിബിഎസ് ആയി മാറ്റുന്നതിന് ഡിബിഎസ് സംഘം ലക്ഷ്മി വിലാസ് സഹപ്രവര്‍ത്തകരുമായി സംയോജിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. സംയോജനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഡിബിഎസ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അടക്കമുള്ള പൂര്‍ണ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാവും.

സംയോജന നടപടികള്‍ ലക്ഷ്മി വിലാസ് ബാങ്ക് നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും സുസ്ഥിരത ലഭ്യമാക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഡിബിഎസ് ബാങ്ക് ഇന്ത്യ സിഇഒ സുരോജിത്ത് ഷോം ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് നിലവില്‍ സാന്നിധ്യമില്ലാത്ത വലിയൊരു വിഭാഗം ഉപഭോക്താക്കളേയും പട്ടണങ്ങളേയും ലഭിക്കാന്‍ കൂടി ഇതു സഹായിക്കും. ലക്ഷ്മി വിലാസ് ബാങ്ക് ഇടപാടുകാര്‍ക്കുള്ള ശക്തമായ ബാങ്കിങ് പങ്കാളിയാകുന്നതിനായി തങ്ങളുടെ പുതിയ സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ഗ്രൂപ് ഹോള്ഡിങ്‌സിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി സംയോജിപ്പിച്ചു. 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 45-ാം വകുപ്പ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ സംയോജന പദ്ധതി. 2020 നവംബര്‍ 27 മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നത്.

അനിശ്ചിതത്വത്തിന്റേതായ ഒരു കാലഘട്ടത്തില്‍ എല്‍വിബി നിക്ഷേപകര്‍ക്കും ഉപഭോക്താള്‍ക്കും ജീവനക്കാര്‍ക്കും സ്ഥിരതയും മെച്ചപ്പെട്ട ഭാവിയും നല്കുന്നതാണ് സംയോജനം. ലക്ഷ്മി വിലാസ് ബാങ്കില്‍ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം 2020 നവംബര്‍ 27-ന് പിന്‍വലിക്കുകയും എല്ലാ ശാഖകളിലും ഡിജിറ്റല്‍ സംവിധാനങ്ങളിലും ഉടന്‍ തന്നെ സേവനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എടിഎമ്മുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മികച്ച മൂലധനമുള്ള ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ മൂലധന പര്യാപ്തതാ നിരക്ക് സംയോജനത്തിനു ശേഷവും നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കും മുകളിലായിരിക്കും. അതിനു പുറമെ സംയോജനത്തിനും ഭാവി വളര്‍ച്ചയ്ക്കും വേണ്ടി ഡിബിഎസ് ഗ്രൂപ്പ് ഡിബിഎസ് ബാങ്ക് ഇന്ത്യയിലേക്ക് 2500 കോടി രൂപ ലഭ്യമാക്കുകയും ചെയ്യും. ഡിബിഎസ് ഗ്രൂപ്പിന്റെ നിലവിലെ സ്രോതസുകളില്‍ നിന്നാകും ഇതു പൂര്‍ണമായി നല്കുക.

ഇന്ത്യയില്‍ 1994 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡിബിഎസ് 2019 മാര്‍ച്ചില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയിലേക്കു മാറ്റുകയായിരുന്നു. ഫോബ്‌സ് 2020-ലെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍് ഡിബിഎസിനെ ഉള്‍പ്പെടുത്തിയിരുന്നു. 40,000 ബാങ്കിങ് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ ആഗോള സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡിബിഎസിനെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 29 ആഭ്യന്തര, ആഗോള ബാങ്കുകളില്‍ ഒന്നാമതായി തെരഞ്ഞെടുത്തിരുന്നു. ഗ്ലോബല്‍ ഫിനാന്‌സ് 2009 മുതല് 2020 വരെയുള്ള തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കായും ഡിബിഎസിനെ തെരഞ്ഞെടുത്തിരുന്നു.

Related Topics

Share this story