Times Kerala

ദില്ലി ചലോ പ്രക്ഷോഭം കൊടുമ്പിരികൊള്ളുമ്പോൾ, കർഷകർ ആവശ്യപ്പെടുന്നതെന്താണ്?

 
ദില്ലി ചലോ പ്രക്ഷോഭം കൊടുമ്പിരികൊള്ളുമ്പോൾ,  കർഷകർ ആവശ്യപ്പെടുന്നതെന്താണ്?

ഡൽഹി എരിയുകയാണ് . രാജ്യത്തിനായി കാലപ്പയേന്തിയവരുടെ മുറവിളികൾ , പ്രക്ഷോഭങ്ങൾ , പോലീസിന്റെ മർദ്ദനങ്ങൾ …. രാജ്യത്തെ ഊട്ടുന്ന കർഷകരെ വൻകിട ബിസിനസ് കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന സർക്കാർ നയത്തിനെതിരെ ശബ്ദമുയർത്തുന്ന ഓരോ കർഷകനും അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്തെ കർഷകർ തങ്ങളുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില നൽകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയായിരുന്നു. ഒരു വിള ഉൽപാദിപ്പിക്കാൻ കർഷകർക്ക് ചെലവാകുന്നതിനേക്കാൾ 50% കൂടുതലുള്ള മിനിമം താങ്ങു വിലകൾ സർക്കാർ പ്രഖ്യാപിക്കണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ദേശീയ കർഷക കമ്മീഷൻ 16 വർഷം മുമ്പ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

50% കർഷകരും കടക്കെണിയിലായതിനാൽ സർക്കാർ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നും കർഷകർ ആവശ്യപ്പെടുന്നു. കർഷകർക്ക് കുറച്ച് പിന്തുണ നൽകിക്കൊണ്ട് ഇന്ത്യയുടെ കാർഷിക മേഖലയെ വീണ്ടും പഴയ ട്രാക്കിലെക്കാൻ സഹായിക്കും. അല്ലാത്തപക്ഷം, വരുമാനം കുറഞ്ഞ് കർഷകർ കടക്കെണിയിലാകും. കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയിൽ 300,000 ത്തോളം പേർ ആത്മഹത്യ ചെയ്തതായി കണക്കാക്കപ്പെടുന്നു. ഈ ദുർസ്ഥിതി രാജ്യത്ത് തുടർക്കഥയാകുമ്പോഴാണ് ഇരട്ടിബാധ്യതകൾ വരുത്തിവക്കുന്ന കാർഷിക ബില് കേന്ദ്രം പാസ്സാക്കിയത്.

2017 ൽ ദില്ലിയിൽ വ്യാപകമായ കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. അതുപോലെ, എല്ലാ കർഷകർക്കും പ്രതിവർഷം 6,000 രൂപ വരുമാനം ധനസഹായമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് കര്ഷകരിലെത്തിയില്ല. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകാതെ അത് പിന്നെയും നീണ്ടു. ഇപ്പോഴും അത് നീണ്ടുകൊണ്ടിരിക്കുന്നു.

ഈ വർഷം മോഡി സർക്കാർ പാസ്സാക്കിയ കാർഷിക പരിഷ്കരണ നിയമം നിലവിലുള്ള കാർഷിക സമ്പ്രദായത്തെയും കൃഷി, വ്യാപാരം, സംഭരണം, വിലകൾ എന്നിവയെഎല്ലാം തന്നെ പൂർണ്ണമായും മാറ്റിമറിച്ചു. അടുത്തിടെ നടന്ന മൺസൂൺ സെഷനിൽ ഈ ഓർഡിനൻസുകൾ പാർലമെന്റിന്റെ നിയമങ്ങളാക്കി. പ്രതിപക്ഷത്തിന്റെയടക്കം എതിർപ്പുകൾ വകവയ്ക്കാതെയായിരുന്നു നിയമനിർമ്മാണം.

എം‌എസ്‌പി സമ്പ്രദായത്തെ ഒഴിവാക്കുക മാത്രമല്ല, മറിച്ച്, കോർപ്പറേറ്റ് അഗ്രിബിസിനസ്സുകൾക്കും വൻകിട വ്യാപാരികൾക്കും കര്ഷകര്ക്കുമേൽ അധികാരം സ്ഥാപിക്കാൻ ഈ നിയമം വാതിലുകൾ തുറന്നു നൽകി. രാജ്യത്തൊട്ടാകെയുള്ള കർഷകരിൽ ഇത് പ്രകോപനം സൃഷ്ടിച്ചതായി അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊല്ല പറഞ്ഞിരുന്നു. കാർഷിക സംബന്ധിയായ നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയ സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ രീതിയെ പ്രസ്ഥാനങ്ങൾ നിശിതമായി വിമർശിച്ചു.

കർഷകർക്ക് പ്രഹമേൽപ്പിക്കുന്ന ഈ മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്നും സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കണമെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ കർഷകർ സ്വന്തം ജീവൻ പണയംവെച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ സൃഷ്ടിക്കുന്ന കഠിനാധ്വാനികളായ കർഷകരുടെ ദുരവസ്ഥ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാരിനും പൂർണ ഉത്തരവാദിത്തമുണ്ട്.

Related Topics

Share this story