പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിജിലൻസ് സംഘം ചോദ്യം ചെയ്തു. കർശന വ്യവസ്ഥകളോടെയായിരുന്നു ഇന്ന് ഒരു ദിവസം മാത്രം ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി വി. ശ്യാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇബ്രാഹിം കുഞ്ഞ് ചികിൽസയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഒൻപതിന് തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു. കോവിഡ് പരിശോധന നടത്തിയതിന്റെ റിപ്പോർട്ടുമായാണ് ഡി വൈ എസ് പി. വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 8.45 ന് ആശുപത്രിയിലെത്തിയത്. കോടതി നിർദേശ പ്രകാരം മൂന്ന് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിൽ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും. ഒന്‍പത് മുതല്‍ 12 മണിവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയുമായിരുന്നു കോടതി അനുവദിച്ചിരുന്ന സമയം.
എന്നാല്‍, അരമണിക്കൂര്‍ നേരത്തെ നാലരയോടെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മടങ്ങി. ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലുമായി സഹകരിച്ചോയെന്ന ചോദ്യത്തിന് അക്കാര്യം കോടതിയെ അറിയിക്കാമെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും. വീണ്ടും ചോദ്യംചെയ്യണമോയെന്ന കാര്യത്തിലും പിന്നീട് തീരുമാനമെടുക്കും.
Comments are closed.