കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ഡൽഹി അതിർത്തിയിലെത്തിയ ജനക് രാജ് എന്ന അൻപത്തിയഞ്ചുകാരൻ വെന്തുമരിച്ചു. ഡൽഹി– ഹരിയാന അതിര്‍ത്തിയില്‍ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനക് രാജ് കാറിൽ ഉറങ്ങുകയായിരുന്നു. ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ ട്രാക്ടറുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിനായാണ് ഇയാൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ട്രാക്ടർ മെക്കാനിക്കായ ജനക് രാജ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗജന്യമായി ട്രാക്ടറുകൾ നന്നാക്കാൻ എത്തിയതായിരുന്നു. ട്രാക്ടറുകളുടെ പണി പൂർത്തിയാക്കിയ ശേഷം അർധരാത്രിയോടെ ഡൽഹി– ഹരിയാന അതിർത്തിയിലെ ബഹദുർഗാഹിൽ നിർത്തിയിട്ടിരുന്ന കാറിൽ ഉറങ്ങവെയാണ് കാറിന് തീപിടിച്ചതെന്നാണ് വിവരം.
പഞ്ചാബിലെ ബർനാല ജില്ലയിലെ ധനോലുവ ഗ്രാമനിവാസിയാണ് ജനക് രാജ്. കർഷക സംഘടനകൾ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. കർഷക സമരങ്ങളുടെ ചരിത്രത്തിൽ ജനക് രാജിന്റെ പേര് അനശ്വരമായി നിലനിൽക്കുമെന്ന് ശിരോമണി അകാലിദൾ പറഞ്ഞു.
Comments are closed.