ന്യൂഡൽഹി: ഷഹീൻബാഗ് മുത്തശ്ശി എന്ന് അറിയപ്പെടുന്ന ബിൽക്കിസിനെതിരെ വ്യാജ പ്രചരണം നടത്തിയ കങ്കണ റണൗട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. ടൈം മാഗസിന്റെ 2020ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായി തിരഞ്ഞെടുത്ത ബിൽക്കിസിനെതിരെയാണ് കങ്കണയുടെ വ്യാജ പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെ കങ്കണ ട്വീറ്റ് പിൻവലിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിൽ ഷഹീൻബാഗിന്റെ മുഖമായിരുന്നു 82കാരിയായ ബിൽക്കിസ്. ഷഹീൻബാഗിലെ സമരമുഖത്തിരിക്കുന്ന ബിൽക്കിസിനെയും ഡൽഹിയിലേക്ക് കർഷക മാർച്ച് നടത്തുന്ന മറ്റൊരു വയോധികയേയും താരതമ്യം ചെയ്ത് ഇവർ രണ്ടും ഒന്നാണ്, ദിവസ വേതനത്തിൽ മുത്തശ്ശിയെ ലഭ്യമാണെന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരിഹസിച്ചുള്ള പ്രസ്താവന.
‘ഏറ്റവും ശക്തയായ ഇന്ത്യനായി ടൈം മാഗസിൻ കണ്ടെത്തിയ അതേ മുത്തശ്ശി തന്നെയാണ് ഇതും… നൂറു രൂപയ്ക്ക് അവരെ ലഭിക്കും. ഏറ്റവും ലജ്ജാവഹമായ രീതിയിൽ പാക്കിസ്ഥാന് മാധ്യമപ്രവർത്തകർ ഇന്ത്യയുടെ പിആര്‍ വര്‍ക്ക് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. രാജ്യാന്തര തലത്തിൽ സംവദിക്കാൻ നമുക്ക് നമ്മുടേതന്നെ ആളുകൾ വേണം.’ ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.
എന്നാൽ, ഇവർ രണ്ടും ഒന്നല്ലെന്നും ട്വീറ്റ് വ്യാജമാണെന്നു കാട്ടി കങ്കണയെ പരിഹസിച്ച് നിരവധി പേർ ട്വിറ്ററിലൂടെ തന്നെ രംഗത്തുവന്നു. കങ്കണയുടെ ആരോപണം തെറ്റാണെന്ന് മാത്രമല്ല അവകാശങ്ങൾക്കായി മുൻനിരയിൽ നിന്നു പോരാടുന്ന താഴേക്കിടയിലുള്ള കർഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കാട്ടി നിരവധി പേർ പ്രതിഷേധം അറിയിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും ട്വീറ്റുകളുണ്ട്.
Comments are closed.