സോൾ: കൊറോണ വാക്സിൻ നിർമ്മാണം ഹാക്ക് ചെയ്യാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെടുത്തി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയാണ് ഉത്തര കൊറിയയുടെ ശ്രമത്തെ പരാജയപ്പെടുത്തിയത്. വാക്സിൻ നിർമ്മാണ കമ്പനികളെ തകർക്കാൻ ഉത്തര കൊറിയൻ സർക്കാർ നടത്തിയ ശ്രമം പരാജയപ്പെടുത്തിയ വിവരം ദക്ഷിണ കൊറിയൻ പാർലമെന്ററി ഇന്റലിജൻസ് കമ്മറ്റി അംഗമാണ് പുറത്തുവിട്ടത്.
ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലെ ഹാക്കർമാർ ഏഴ് കൊറോണ വാക്സിൻ നിർമ്മാണ കമ്പനികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതായി വിവരം കഴിഞ്ഞ ആഴ്ചയാണ് മൈക്രോസോഫ്റ്റ് കമ്പനി പുറത്തുവിട്ടത്. ദേശീയ രഹസ്യന്വേഷണ ഏജൻസിയുടെ അന്വേഷണത്തിലാണ് ഹാക്കർമാരെക്കുറിച്ച് സൂചന ലഭിച്ചത്. എന്നാൽ ഏത് കമ്പനിയെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
ദക്ഷിണ കൊറിയ, കാനഡ, ഫ്രാൻസ്, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് രാജ്യാന്തര ഹാക്കർമാർ പ്രവർത്തിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ ചൈനയിലെ ഹാക്കർമാർ അമേരിക്കൻ കൊറോണ വാക്സിൻ നിർമ്മാണ കമ്പനിയായ മോഡേർണയുടെ ഡാറ്റകൾ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു.
Comments are closed.