
ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ തമിഴ്നാട് തീരം തൊട്ടു. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ രാത്രി 11.30 ഓടെയാണ് നിവാര്‍ കരതൊട്ടത് . കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി . വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു . ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ് . ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു . അതേസമയം, തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു . മേഖലയില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു . ചെമ്ബരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ ചെന്നൈ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്നാട്ടിലെ 13 ജില്ലകളില്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍നിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. മഴയെത്തുടര്‍ന്നു ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു.
തിരുവണ്ണാമലൈ, കൂടല്ലൂര്‍, കള്ളക്കുറിച്ചി, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് . അരിയാലൂര്‍, ധര്‍മപുരി, ദിണ്ടിഗല്‍, കൃഷ്ണഗിരി, മൈലാടുതുറൈ, നാഗപട്ടിണം, പേരാമ്ബല്ലൂര്, പുതുക്കോട്ടൈ, റാണിപ്പേട്ടൈ, സേലം, തഞ്ചാവൂര്‍, തിരുവാരൂര്‍, തിരുവള്ളൂര്‍, വെള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുപ്പറ്റൂര്, ട്രിച്ചി ജില്ലകളിലും കാരക്കല്‍ മേഖലയിലും മഴ ലഭിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments are closed.