കൊല്ലം: കൊട്ടാരക്കരയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തർക്കത്തെ തുടർന്ന് സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഇന്നലെ അർദ്ധരാത്രിയാണ് പാർട്ടി പ്രവർത്തകരും വിമതരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഘർഷത്തിൽ കമ്പി വടികൊണ്ടുള്ള അടിയേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മൈലം പഞ്ചായത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ വിമതരായി രംഗത്ത് വന്ന മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മുരളീധരൻ, ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവർ ഉൾപ്പെടെ നാലുപേരെ സിപിഎം കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ശ്രീകുമാറിന്റെ അനുയായികളും ശ്രീകുമാറിനെതിരെ മത്സരിക്കുന്ന സിപിഎം ഏരിയാ കമ്മിറ്റി അംഗമായ കോട്ടാത്തല ബേബിയുടെ അനുയായികളും തമ്മിലാണ് സംഘർഷമുണ്ടായത്.
അതേസമയം, ആക്രമണത്തിൽ തന്നെ അനുകൂലിക്കുന്ന ആർക്കും പങ്കില്ലെന്നാണ് ശ്രീകുമാർ പറയുന്നത്. എന്നാൽ ഇരുവിഭാഗത്തിലും ഉൾപ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments are closed.