Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിന്റെ ഗോളും ഇനി പിറക്കില്ല; ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ അന്തരിച്ചു

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ൽ മാറഡോണയുടെ പ്രതിഭയിൽ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നും വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാർത്തകളിൽ നിറഞ്ഞുനിന്നു.

അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ൽ 1960 ഒക്‌ടോബർ 30നാണ് മറഡോണ ജനിച്ചത്. നഗ്നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമാണ് മറഡോണ വളർന്നത്. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി.

1994ൽ രണ്ടു മൽസരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജകമരുന്നു പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി. അർജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകൾ. നാലു ലോകകപ്പുകളിൽ പങ്കെടുത്ത (1982, 86, 90, 94) മാറഡോണ അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു, ഇതിൽനിന്ന് 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. മെക്സിക്കോയിലെ രണ്ടാം ഡിവിഷൻ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനായിരുന്നു മറഡോണ.

2000ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയായ്ക്കായിരുന്നു.78, 000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്‌ക്ക് 26, 000 വോട്ടുകളേ നേടാനായുള്ളൂ.

You might also like

Comments are closed.