Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തദ്ദേശ തിരഞ്ഞെടുപ്പ്; ഹൈദരാബാദില്‍ പ്രചാരണത്തിന് മോദിയും ഷായും

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക്. മുമ്പില്ലാത്ത വിധം ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്താണു ബിജെപിയുടെ പടയൊരുക്കം. ഹൈദരാബാദ് നഗരത്തിന്റെ മേയറെ നിശ്ചയിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിനാണ്.

ബിജെപിയുടെ താരപ്രചാരകനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും പ്രചാരണത്തിനു വരുമെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസമായി അസദുദ്ദീന്‍ ഒവൈസിയെ ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടകയിലെ യുവനേതാവ് തേജസ്വി സൂര്യ പ്രചാരണത്തിനു കൊഴുപ്പു കൂട്ടുകയാണ്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് അനധികൃതമായി എത്തിയവര്‍ എന്നിവരുടെ വോട്ട് നേടി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ വെല്ലുവിളിക്കാനുള്ള ആദ്യപടിയായാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനെ ബിജെപി പരിഗണിക്കുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ പൊതു തിരഞ്ഞെടുപ്പുമാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ണാടകത്തിനു പിന്നാലെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഹൈദരാബാദിലെ വിജയം തുണയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. നഗരത്തിലെ 150 വാര്‍ഡുകളില്‍ നാലെണ്ണം മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്കു നേടാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ടിആര്‍എസ് 90 സീറ്റുകളും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റും നേടി. കോണ്‍ഗ്രസിനു രണ്ട് വാര്‍ഡും ടിഡിപിക്ക് ഒരു വാര്‍ഡുമാണ് ലഭിച്ചത്.

You might also like

Comments are closed.