Times Kerala

നിധീഷിന്റെ ജീവപര്യന്തം ഒരു മുന്നറിയിപ്പാണ്; പ്രണയം പ്രതികാരമാക്കുന്നവർക്കുള്ള മുന്നറിയിപ്പ്.!

 
നിധീഷിന്റെ ജീവപര്യന്തം ഒരു മുന്നറിയിപ്പാണ്; പ്രണയം പ്രതികാരമാക്കുന്നവർക്കുള്ള മുന്നറിയിപ്പ്.!

തൃശൂർ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് തൃശൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ കുത്തിയും തീ കൊളുത്തിയും കൊന്ന കേസില്‍ പ്രതി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു കോടതി . പ്രണയവും, വിവാഹാഭ്യര്‍ഥനയും നിഷേധിച്ചാല്‍ ഉടനെ കത്തിയും പെട്രോളുമായി എത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്നാണ് നീതുവിന്‍റെ കുടുംബം പ്രതീകരിച്ചത്.

ഏപ്രില്‍ നാലിന് രാവിലെ 6.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിയ്യാരം വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി നീതു ആണ് വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ നിധീഷി (27) ന്റെ കൈകൊണ്ടു ദാരുണമായി കൊല്ലപ്പെട്ടത് .കാക്കനാട്ടുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. പുലര്‍ച്ചെ ബൈക്കില്‍ നീതുവിന്റെ വീടിന്റെ പിന്നിലെത്തിയ പ്രതി പിന്‍വാതിലിലൂടെ വീട്ടിലെ കുളിമുറിയില്‍ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്.

സംഭവം നടന്ന് ഒന്നരവര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. 2020 ഓഗസ്റ്റ് 20-ന് സാക്ഷിവിസ്താരം ആരംഭിച്ച കേസില്‍ മൂന്നുമാസത്തിനു മുമ്പുതന്നെ വിചാരണ പൂര്‍ത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു.വിചാരണയ്ക്കിടെ നിധീഷ് 17 തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഓരോ തവണയും കോടതി ജാമ്യ അപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിലായശേഷം ഇയാള്‍ പുറത്തിറങ്ങിയിട്ടില്ല.

Related Topics

Share this story