ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. ഗുജറാത്ത്, രാജസ്ഥാൻ, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും മഹാരാഷ്ട്രയിലേക്കു യാത്ര ചെയ്യുന്നതിനു മുന്പ് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. വിമാനത്തിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ 72 മണിക്കൂർ മുന്പും ട്രെയിനിൽ യാത്ര ചെയ്യുന്നവർ 96 മണിക്കൂർ മുന്പും ടെസ്റ്റ് നടത്തിയിരിക്കണം. അല്ലാത്തവർ സംസ്ഥാനത്തെത്തിയാൽ സ്വന്തം ചെലവിൽ ടെസ്റ്റിനു വിധേയരാകണമെന്നും മഹാരാഷ്ട്ര സർക്കാർ നിർദ്ദേശിച്ചു.
ഡൽഹിയിൽ നിന്നുള്ളവർക്ക് ഉത്തർപ്രദേശ് സർക്കാർ അതിർത്തിയിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നടപടി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 31 വരെ ഹിമാചൽ പ്രദേശ് സർക്കാർ രാത്രി കർഫ്യു ഏർപ്പെടുത്തി. നാല് ജില്ലകളിലാണ് രാത്രി കർഫ്യു. സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഗുജറാത്ത് സർക്കാരും നേരത്തെ രാത്രി കർഫ്യു ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Comments are closed.