Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആഴക്കടൽ ഖനനത്തിനായി ഇന്ത്യയും; ഡീപ് സീ മിഷന് 4,000 കോടി രൂപ

സമുദ്രങ്ങളിലെ ആഴങ്ങളിൽ പര്യവേക്ഷണം ചെയ്യുന്ന ‘ഡീപ് ഓഷ്യൻ മിഷൻ’ ഇന്ത്യ ഉടൻ ആരംഭിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലെ മുതർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭാവിയിൽ രാജ്യത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ദൗത്യത്തിന് ആവശ്യമായ അനുമതികൾ ലഭിക്കുന്നുണ്ടെന്നും അടുത്ത 3-4 മാസത്തിനുള്ളിൽ ഇത് സമാരംഭിക്കുമെന്നും മന്ത്രാലയ സെക്രട്ടറി എം. രാജീവൻ പറഞ്ഞു.

4,000 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യം ഇന്ത്യയുടെ വിശാലമായ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണും കോണ്ടിനെന്റൽ ഷെൽഫും പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ആഴത്തിലുള്ള സമുദ്ര ഗവേഷണങ്ങൾക്കായി വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതും ഈ ദൗത്യത്തിൽ ഉൾപ്പെടുമെന്ന് രാജീവൻ പറഞ്ഞു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ), ബയോടെക്നോളജി വകുപ്പ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ), കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് (സി‌എസ്‌ഐ‌ആർ) എന്നിവ ഈ പദ്ധതിയിൽ പങ്കാളികളാകുമെന്നും രാജീവൻ കൂട്ടിച്ചേർത്തു.

മിഷനു വേണ്ട ചില സാങ്കേതികവിദ്യകൾ ഇസ്രോ, ഡിആർഡിഒ തുടങ്ങിയ സംഘടനകൾ വികസിപ്പിച്ചെടുക്കും. മുങ്ങിക്കപ്പലുകളുടെ രൂപകൽപ്പന, വികസനം, പരീക്ഷണങ്ങൾ എന്നിവയാണ് ദൗത്യത്തിന്റെ മറ്റു പ്രധാന കാര്യങ്ങൾ. ആഴക്കടൽ ഖനനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു വശം.

ചൈന, കൊറിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സജീവമായിരിക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ സാന്നിധ്യം വർധിപ്പിക്കുമെന്നതിനാൽ ഇത് തന്ത്രപരമായി പ്രാധാന്യമർഹിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പര്യവേക്ഷണത്തിനായി മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ 1.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ പോളി-മെറ്റാലിക് സൾഫൈഡുകൾ (പിഎംഎസ്) പര്യവേക്ഷണം ചെയ്യുന്നതിനായി 2016 സെപ്റ്റംബറിൽ തന്നെ ഇന്ത്യ ഇന്റർനാഷണൽ സീബഡ് അതോറിറ്റിയുമായി (ഐ‌എസ്‌എ) 15 വർഷത്തേക്ക് കരാർ ഒപ്പിട്ടിരുന്നു.

You might also like

Comments are closed.